മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ കാര്യം പറഞ്ഞത് മലയാളത്തില്‍ ; പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനെന്ന് ചെന്നിത്തല

പൗരത്വ ബില്‍, ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം
രമേശ് ചെന്നിത്തല / ടെലിവിഷന്‍ ചിത്രം
രമേശ് ചെന്നിത്തല / ടെലിവിഷന്‍ ചിത്രം


കോട്ടയം : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം മാത്രമാണ് നടത്തിയത്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ കാര്യം വന്നപ്പോള്‍ മലയാളത്തില്‍ സംസാരിച്ചു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതിലിലൂടെ നിയമിച്ചവരെ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. പൗരത്വ ബില്‍, ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ടു സമരങ്ങളിലേയും കേസുകള്‍ പിന്‍വലിക്കും. യുഡിഎഫ് ആണ് അധികാരത്തിലെങ്കില്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തില്‍ നടക്കുന്നത് വാചകമടി വികസനമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നടക്കുന്നത് സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു.  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന ജാഥയുടെ പേര് വിജയയാത്ര എന്നാണ് . വിജയനെ സഹായിക്കുന്ന യാത്ര. മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞതിലൂടെ കണ്ടത് മാണി സി കാപ്പന്റെ നന്മയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി തര്‍ക്കമില്ല. പി സി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ തീരുമാനമായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com