അയ്യപ്പ ഭക്തരെ കാണാൻ കാളകെട്ടിയിൽ ഇനി 'നന്ദികേശൻ' ഇല്ല, മരണാനന്തര കർമ്മങ്ങൾ ഏറ്റുവാങ്ങി വിടപറച്ചിൽ

മനുഷ്യരുടേതെന്ന പോലെത്തന്നെ മരണാനന്തര കർമങ്ങൾ ഏറ്റുവാങ്ങിയാണ് കാളക്കൂറ്റനു ഗ്രാമം വിട നൽകിയത്
നന്ദികേശന്റെ സംസ്കാര ചടങ്ങ്/ ഫേയ്സ്ബുക്ക്
നന്ദികേശന്റെ സംസ്കാര ചടങ്ങ്/ ഫേയ്സ്ബുക്ക്

കോട്ടയം; ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിൽ ഇനി നന്ദികേശനുണ്ടാവില്ല. നാടിനെ മുഴുവൻ ദുഖത്തിലാഴ്ത്തിയാണ് നന്ദികേശൻ വിടപറഞ്ഞത്. ദഹനസംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മനുഷ്യരുടേതെന്ന പോലെത്തന്നെ മരണാനന്തര കർമങ്ങൾ ഏറ്റുവാങ്ങിയാണ് കാളക്കൂറ്റനു ഗ്രാമം വിട നൽകിയത്.

അയ്യപ്പ ഭഗവാന്റെ വരവു കാത്ത് പരമശിവൻ കാളപ്പുറത്ത് എത്തിയെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കാളകെട്ടി ശിവപാർവതി ക്ഷേത്രം. 12 വർഷം മുൻപാണ് കാളകെട്ടിയിലേക്ക് നന്ദികേശൻ എത്തുന്നത്. സന്താനലബ്ധിക്കു വേണ്ടി ചെങ്ങന്നൂർ സ്വദേശി പ്രസാദാണു കാളക്കിടാവിനെ നടയ്ക്കിരുത്തിയത്. നാട്ടുകാർ കാളയ്ക്കു നന്ദികേശൻ എന്നു പേരിട്ടു. എരുമേലി നിന്നു പരമ്പരാഗതപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീർഥാടകർ നന്ദികേശനെ കാണാൻ എത്തുമായിരുന്നു. 

തദ്ദേശവാസിയായ വള്ളിപ്പാറ സുലോചനയാണ് നന്ദികേശനെ സംരക്ഷിച്ചിരുന്നത്. തൊഴുത്തിന്റെ മേൽക്കൂര പൊളിച്ച ശേഷമാണു കർമസ്ഥലം തയാറാക്കിയത്. കർമിയുടെയും സഹകർമിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്കു ശേഷം മാവിൻവിറക്, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചു ദഹിപ്പിച്ചു. മരണത്തിന്റെ ആറാംദിവസം പാളയിൽ ചാരമെടുത്തു കുടത്തിൽ  സൂക്ഷിക്കും. പതിനാറാം ദിവസം ചിതാഭസ്മം അഴുതയാറ്റിൽ നിമജ്ജനം ചെയ്യും. മരണാനന്തരച്ചടങ്ങിൽ ചെങ്ങന്നൂരി‍ൽ നിന്നു പ്രസാദും എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com