നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ മന്ത്രിസഭാ തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 04:21 PM |
Last Updated: 15th February 2021 04:24 PM | A+A A- |
പിണറായി വിജയന്‍, കൊല്ലപ്പെട്ട രാജ്കുമാര്‍
തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസില്‍ ഒമ്പതു പേരാണ് പേരാണ് പ്രതികളായിട്ടുള്ളത്.
സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, എഎസ്‌ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.
ഇവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 10 എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാനും, വിവിധ തസ്തികകളിലായി 221 പേരെ കൂടി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കെടിഡിസിയില്‍ 100 പേരെയും യുവജനക്ഷേമ ബോര്‍ഡില്‍ 37 പേരെയും കോ-ഓപ്പറേറ്റീവ് അക്കാദമിയില്‍ 14, സ്‌കോള്‍ കേരളയില്‍ 54, നിര്‍മിതി കേന്ദ്രത്തില്‍ 16 പേര്‍ എന്നിവരെ സ്ഥിരപ്പെടുത്തി. വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ 140 തസ്തികകളും അനുവദിച്ചു. പുതുതായി 251 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. കയര്‍ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 51 തസ്തികകള്‍, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ആറ് എന്‍ട്രി കേഡര്‍ തസ്തികകള്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 സത്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.