സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം; ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി.
സെക്രട്ടേറിയറ്റിന് മുന്നിലെ മുട്ടിലിഴയല്‍ സമരത്തിന്റെ ടെലിവിഷന്‍ ദൃശ്യം
സെക്രട്ടേറിയറ്റിന് മുന്നിലെ മുട്ടിലിഴയല്‍ സമരത്തിന്റെ ടെലിവിഷന്‍ ദൃശ്യം


തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സമര നേതാക്കള്‍ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് മന്ത്രിസഭാ യോഗത്തില്‍ അനുഭാവ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തിയത്. 

അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ്‌സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. തുടര്‍നടപടിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പിലും സ്ഥിരപ്പെടുത്തലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 90 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ ആറുമാസം നീട്ടിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട നിലപാട്. ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകള്‍ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com