ശരീരത്തില്‍ പരിക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ല; പാറമടയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 07:31 PM |
Last Updated: 15th February 2021 07:31 PM | A+A A- |

സിസ്റ്റര്‍ ജസീന
കൊച്ചി: വാഴക്കാലയിലെ പാറമടയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ പരിക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ആന്തരിക അവയങ്ങളുടെ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
45വയസ്സുള്ള സിസ്റ്റര്‍ ജസീനയെ മഠത്തില്‍ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മഠം അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സിസ്റ്ററിന്റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തില്‍ കണ്ടെത്തി. സിസ്റ്റര്‍ ജസീന 10വര്‍ഷമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതര്‍ പരാതി നല്‍കിയത്.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോ!ര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ സിസ്റ്റര്‍ ജസീനയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ സംഭവമറിഞ്ഞ് മഠത്തിലെത്തിയിട്ടുണ്ട്. സിസ്റ്ററര്‍ ജസീന മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ആഴമുള്ള കുളത്തില്‍ നിന്ന് ഇത്ര വേഗം മൃതദേഹം കണ്ടെത്തിയതില്‍ സംശയമുണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചു.