പൊലീസിനെ കണ്ട് യുവാക്കൾ ചിതറിയോടി, വെള്ളക്കുഴിയിൽ വീണ് 22 കാരന് ദാരുണാന്ത്യം

ഹോട്ടലിന് മുന്നിൽ വച്ച് അടിപിടിയുണ്ടായതിനെ തുടർന്ന് പൊലീസ് വരുന്നതുകണ്ട് ഭയന്നോടിയതാണ് അപകടത്തിന് കാരണമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് 20 അടി താഴ്ചയുള്ള വെള്ളക്കുഴിയിൽ വീണ് മരിച്ചു. തവളക്കുഴി ബീന നിവാസിൽ നീരജ് റെജി (22) ആണ് മരിച്ചത്. ഏറ്റുമാനൂരിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഹോട്ടലിന് മുന്നിൽ വച്ച് അടിപിടിയുണ്ടായതിനെ തുടർന്ന് പൊലീസ് വരുന്നതുകണ്ട് ഭയന്നോടിയതാണ് അപകടത്തിന് കാരണമായത്. 

ഏറ്റുമാനൂരിലെ ബാർബിക്യൂ റസ്റ്ററന്റിൽ നീരജും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തി. അവിടെവച്ച് മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ യുവാക്കൾ ചിതറിയോടുകയായിരുന്നു. നീരജും മറ്റു 2 പേരും സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലേക്കാണ് ഓടിക്കയറിയത്. 

പിന്നീട് പൊലീസ് സംഘം പോയെന്ന് ഉറപ്പുവരുത്തിയ യുവാക്കൾ പുറത്തെത്തിയപ്പോഴാണ് നീരജിനെ കാണാതായെന്ന് അറിഞ്ഞത്. തുടർന്ന് കെട്ടിടത്തിനുള്ളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് 20 അടി താഴ്ചയുള്ള കുഴിയിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. കുഴിയിൽ 5 അടിയോളം വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കോട്ടയത്തു നിന്ന് അഗ്നിരക്ഷാസേന എത്തി നീരജിനെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വെള്ളം ശേഖരിക്കുന്നതിന് കെട്ടിടത്തിന്റെ നടയുടെ താഴെയായി നിർമിച്ച കുഴിയിലാണ് നീരജ് വീണത്. ചതുരാകൃതിയിൽ നിർമിച്ച കോൺക്രീറ്റ് കുഴിക്ക് ആൾമറയില്ലാതിരുന്നതും സ്ഥലത്ത് വെളിച്ചം ഇല്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com