തെരുവു നായയെ അടിച്ചു പരിക്കേൽപിച്ച് കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 08:42 AM |
Last Updated: 15th February 2021 08:46 AM | A+A A- |
ചിത്രം/ ഫെയ്സ്ബുക്ക്
തൊടുപുഴ: മിണ്ടാപ്രാണിക്ക് നേരെ വീണ്ടും മനുഷ്യന്റെ ക്രൂരത. തെരുവു നായയെ അടിച്ചു പരിക്കേൽപിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ കട്ടപ്പന കൈരളി ജംഗ്ഷൻ മാണ്ടിയിൽ ഷാബുവിന് (51) എതിരെ പൊലീസ് കേസെടുത്തു.
നായയുടെ കഴുത്തിൽ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാർഥ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിദ്ധാർഥ് അടക്കമുള്ള ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംഗ്ഷൻ മേഖലയിൽ നായ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച ശേഷം മരുന്നുകൾ നൽകി. പരാതിക്കാരായ രണ്ട് യുവാക്കളെ നായയുടെ സംരക്ഷണം താത്കാലികമായി ഏൽപിച്ചതായി പൊലീസ് അറിയിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.