കയത്തിൽ ചാടിയ താറാവ് കുഞ്ഞും അമ്മക്കോഴിയും; കാപ്പനെ ട്രോളി വാസവന്റെ കഥ പറച്ചിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 08:46 AM |
Last Updated: 15th February 2021 09:08 AM | A+A A- |
വാസവൻ, മാണി സി കാപ്പൻ/ ഫേയ്സ്ബുക്ക്
പാലാ സീറ്റ് തർക്കത്തെ തുടർന്ന് യുഡിഎഫിലേക്ക് ചുവടുമാറിയിരിക്കുകയാണ് മാണി സി കാപ്പൻ. തുടർന്ന് ഇടതു മുന്നണിയിലെ നിരവധി നേതാക്കളാണ് കാപ്പനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ എത്തിയത് ഒരു താറാവിന്റെ കഥയുമായാണ്. കയത്തിൽ ചാടിയ താറാവ് കുഞ്ഞിന്റേയും അതിന് അപകട മുന്നറിയിപ്പ് നൽകുന്ന തള്ളക്കോഴിയുടേയും കഥയാണ് ഫേയ്സ്ബുക്കിലൂടെ അദ്ദേഹം പങ്കവെച്ചത്. മാണി സി കാപ്പന്റെ പേര് എടുത്തു പറയാതെയുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താറാവിൻ കുഞ്ഞിനൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് കുറിപ്പ്.
വാസവന്റെ പോസ്റ്റ് വായിക്കാം
പഴമക്കാർ പറഞ്ഞു കേട്ടൊരു കഥയുണ്ട്.......
പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി , ഒരു തവണ അടയിരുന്നപ്പോൾ കൂട്ടത്തിൽ ഒരു താറാവിൻ മുട്ടയും അവൾ വച്ചു. കോഴി മുട്ടകൾ വിരിഞ്ഞതിനൊപ്പം താറാവിൻ മുട്ടയും വിരിഞ്ഞു. മീനച്ചിലാറിന്റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം.
ഭക്ഷണം കഴിക്കാൻ വരെ പിന്നിലായിരുന്ന താറാവിൻ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളർത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളർത്തി .
പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി,
കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങൾ ഓടിചെന്നു
പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി.
തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താൻ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതിനെകണ്ടാണ് തള്ളക്കോഴിയുടെ ബഹളം
ഇത് കണ്ട് കൂടനിന്ന കോഴിക്കുഞ്ഞിൽ ഒരാൾ പറഞ്ഞു,
കണ്ടോ അവൻ ചാടിയതിന്റെ സങ്കടത്തിൽ അമ്മ കരയുകാ...
ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു
എന്നിട്ടു പറഞ്ഞു, മക്കളെ അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മൾക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ...
എവിടെ കേൾക്കാൻ ....ബാ നമ്മൾക്ക് പോവാം കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി......