യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും : രമേശ് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 09:46 AM |
Last Updated: 16th February 2021 09:59 AM | A+A A- |
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
ആലപ്പുഴ : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്ക് രൂപീകരിച്ചതു തന്നെ നിയവിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണത്. കേരള ബാങ്ക് സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ്സ് അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തുന്നത് ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാരിന് കമല്‍ മാനദണ്ഡമാണ്. ആറുമാസം കൊണ്ട് 1659 പേരെ കമല്‍ മാനദണ്ഡ പ്രകാരം സ്ഥിരപ്പെടുത്തിയതായും ചെന്നിത്തല പരിഹസിച്ചു.
പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടി കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ വസ്തുതയുണ്ട്. ഇതിന് ഉദാഹരണമാണ് സിപിഒമാരുടെ റാങ്ക് ലിസ്റ്റ്.
യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് പിഎസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടൂള്‍കിറ്റ് കേസില്‍ യുവാക്കളെ ജയിലില്‍ അടയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.