രാത്രി യാത്രയിൽ ഡിം അടിച്ചില്ലെങ്കിൽ ഇനി പണികിട്ടും, കുടുക്കാൻ ലക്സ് മീറ്റർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 08:10 AM |
Last Updated: 16th February 2021 08:10 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: രാത്രിയാത്രയിൽ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ്. മൊബൈൽ വലിപ്പത്തിലുള്ള ഉപകരണമായ ലക്സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്തുക. ലക്സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം.
നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ബൾബുകളാണ് നിർമാണക്കമ്പനികൾ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ പിടികൂടും.
രാത്രിയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലക്സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കിയത്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്.
ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് വെളിച്ചം നേരിട്ടടിക്കാനും അപകടമുണ്ടാകാനും കാരണമാകും.