നിങ്ങളാണ് എല്ലാത്തിനും ഉത്തരവാദി; ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതും മുട്ടിലിഴയേണ്ടതും ഉമ്മന്‍ചാണ്ടി; കടന്നാക്രമിച്ച് പിണറായി

മുട്ടിലിഴയേണ്ടത് മറ്റാരുമല്ല. ഇവിടെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കുന്നതിനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിക്കുന്നത്.
പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി
പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെ കാലാണോ പിടിച്ചത് അദ്ദേഹമാണ് ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ട് പറയണം എല്ലാ കഷ്ടത്തിനും ഇടയാക്കിയാത് താനാണ് ഉത്തരവാദിയെന്ന്. അത്തരമൊരു തുറന്നുപറച്ചില്‍ ഉണ്ടായാല്‍ അല്‍പം നീതി നടത്തി എന്ന് അവരോട് പറയാന്‍ പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മുട്ടിലിഴയേണ്ടത് മറ്റാരുമല്ല. ഇവിടെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കുന്നതിനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിക്കുന്നത്. യൂണിഫോമിട്ട സേനകളിലേക്കുള്ള കാലാവധി നേരത്തെ മൂന്ന് വര്‍ഷമായത് ഒരുവര്‍ഷമായി ചുരുക്കിയത് എപ്പോഴായിരുന്നു?. 2014 ജൂണില്‍ അന്നത്തെ പിഎസ് സി ചെയര്‍മാന്‍ കത്തെഴുതിയത് ആരാണ്?. ഇതിനൊക്കെ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ആളുകള്‍ മറുപടി പറയേണ്ടത് ഈ ഉദ്യോഗാര്‍ഥികളോടാണെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിര്‍ത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണ്. പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പോലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ഇതു തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. 201620 കാലയളവില്‍ എല്‍ഡിക്ലാര്‍ക്ക് 19120 നിയമനങ്ങള്‍ നല്‍കി. 201116 കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഈ സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു സര്‍ക്കാരിന്റെയും കാലത്തെ കണക്കുകളും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് 13086 പേരെ പോലീസില്‍ നിയമിക്കാന്‍ നടപടിയെടുത്തു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഏപ്രില്‍ മൂന്ന് വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തെ ഒഴിവുകളില്‍ കൂടി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടുന്നത് ശരിയല്ല. കൂടുതല്‍ ആളുകള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകണം. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നഷ്ടം സംഭവിക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ്. ഇത്തരം നിയമനം നടന്ന ഒരിടത്തും പിഎസ്.സി വഴി ആളെ നിയമിക്കാന്‍ കഴിയില്ല. അതൊന്നും പി.എസ്.സിക്ക് വിട്ട തസ്തികകളല്ല. പി.എസ്.സിക്ക് നിയമനം വിട്ട വകുപ്പിലോ സ്ഥാപനത്തിലോ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ല. റാങ്ക് ലിസ്റ്റിലുള്ള ഒരാളെയും ഇത് ബാധിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com