വിജയകരമായി ജയിൽ ചാടി, ശേഷം 17 മണിക്കൂർ പൊന്തക്കാടിനുള്ളിൽ, 'ഒളിവുജീവിതം' അവസാനിച്ചത് ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 09:05 AM |
Last Updated: 17th February 2021 09:05 AM | A+A A- |

പ്രതീകാത്മകചിത്രം
തൃശൂർ; സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ജയിൽചാടിയ തടവുകാരൻ 17 മണിക്കൂർ നേരത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. ചെറുതുരുത്തി പൈങ്കുളം കുളമ്പാട്ടുപറമ്പിൽ സഹദേവൻ (38) ആണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ജയിൽചാടിയ ഇയാൾ ഒരു പകലും രാത്രിയും പൊന്തക്കാട്ടിലും പരിസരത്തുമായി ഒളിച്ചിരിക്കുകയായിരുന്നു.
17 മണിക്കൂറിന് ശേഷം പുലർച്ചെ 4 മണിയോടെ പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സഹദേവൻ പിടിയിലായത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വിയ്യൂർ ജയിൽ മതിൽക്കെട്ടിനു പുറത്തുള്ള സ്റ്റാഫ് മെസിനു സമീപത്തായിരുന്നു സംഭവം. മെസിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തു ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ സഹദേവനെ ഏൽപിച്ചിരുന്നു. മാലിന്യവുമായി മെസിനു പിന്നിലേക്കു പോയ സഹദേവൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ജയിൽ പരിസരത്തു കാടുകയറിക്കിടക്കുന്ന ഭാഗങ്ങളിൽ എവിടെയെങ്കിലും ഒളിക്കാനുള്ള സാധ്യത കണക്കിലെടുത്തു പകൽ മുഴുവൻ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയമത്രയും പ്രദേശത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു സഹദേവൻ. ആളും അനക്കവും ഒഴിഞ്ഞെന്നു കരുതി പുറത്തിറങ്ങിയെങ്കിലും വിയ്യൂർ മണലാറുകാവിനു സമീപത്തു റോഡിൽ വച്ച് പൊലീസിന്റെ പിടിയിലായി. മാസങ്ങൾക്കു മുൻപു വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിലെ മരത്തിനു മുകളിൽ കയറി മണിക്കൂറുകളോളം സഹദേവൻ ആത്മഹത്യാഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.