'എനിക്ക് വിശ്വാസമായിരുന്നു മുഖ്യമന്ത്രിയെ, അദ്ദേഹം വെറും വാക്ക് പറയാറില്ല'; സര്‍ക്കാര്‍ ജോലിയില്‍ നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് 

തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സായ ചിത്തരേശ് നടേശന്‍
ചിത്തരേശ് നടേശനെ മുഖ്യമന്ത്രി ആദരിക്കുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം
ചിത്തരേശ് നടേശനെ മുഖ്യമന്ത്രി ആദരിക്കുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി: തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സായ ചിത്തരേശ് നടേശന്‍. മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം ലഭിച്ചിട്ടും സര്‍ക്കാര്‍ ജോലി കിട്ടിയില്ലേ എന്ന ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചതായി ചിത്തരേശ് നടേശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു... അതെ, മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സര്‍ക്കാര്‍ ജോലി കിട്ടില്ലേ  എന്ന ചോദ്യത്തിന്... പലരും ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ വേദനയില്‍ ഒതുക്കിയ  മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു  എന്റെ മറുപടി... അപ്പോഴും എന്റെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള   ഒരു മനുഷ്യന്റെ വാക്ക് ആയിരുന്നു... എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ... കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല.'- മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇ പി ജയരാജനും നന്ദി അറിയിച്ച് കൊണ്ടുള്ള കുറിപ്പിലെ വരികളാണിവ.

2019ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചിത്തരേശ് നടേശനെന്ന പേര് കേരളം കേള്‍ക്കുന്നത്. 1967ല്‍ സാക്ഷാല്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ നേടിയ ചാംപ്യന്‍പട്ടം 52 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്തരേശിന്റെ  മസില്‍മികവില്‍ കേരളത്തിലേയ്‌ക്കെത്തി. 2010-13 കാലത്ത് കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് ചിത്തരേശ് ഏറെക്കാലം ആശുപത്രിയിലായി. അസുഖം ബാധിച്ച കാല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് വരെ ഡോക്ടര്‍ പറഞ്ഞിടത്തുനിന്നാണ് ചിത്തരേശ് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം വരെ എത്തിനില്‍ക്കുന്നത്. അസുഖം ഭേദമായതോടെ പ്രഫഷണല്‍ ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015 മുതല്‍ നാലുവര്‍ഷം മിസ്റ്റര്‍ ഡല്‍ഹിയും മിസ്റ്റര്‍ ഇന്ത്യയുമായി. പിന്നീട് മിസ്റ്റര്‍ ഏഷ്യയും മിസ്റ്റര്‍ വേള്‍ഡുമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com