ഷാജി എന്‍ കരുണിന് ഓര്‍മ്മപ്പിശകാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല ; വേദനിപ്പിച്ചെങ്കില്‍ മാപ്പ് : കമല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 10:10 AM |
Last Updated: 17th February 2021 10:10 AM | A+A A- |
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ / ടെലിവിഷന്‍ ചിത്രം
കൊച്ചി : അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദം തള്ളി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംസ്ഥാന സിനിമാ അവാര്‍ഡിന്റെ ചടങ്ങിനും ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ സാറാണ്. സാറിന്റെ സാന്നിധ്യം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമല്‍ പറഞ്ഞു.
അതിന് ശേഷം ഉദ്ഘാടന ദിവസം അടക്കം ആറു പ്രാവശ്യം ഷാജി എന്‍ കരുണിനെ ഫോണ്‍ ചെയ്തിരുന്നു. സ്‌റ്റേറ്റ് അവാര്‍ഡിന്റെ ദിവസം അദ്ദേഹം തനിക്ക് വ്യക്തിപരമായി ഒരു മെയില്‍ അയച്ചിരുന്നു. അതില്‍ ചലച്ചിത്ര അക്കാദമിയിലെ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ട്. അതിനാല്‍ ചലച്ചിത്ര അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇതിന് ശേഷം ഐഎഫ്എഫ്‌കെ ഇത് 25 -ാം വര്‍ഷമാണെന്നും, ഇതില്‍ എങ്കിലും പങ്കെടുക്കണമെന്നും ഷാജി എന്‍ കരുണിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല. അദ്ദേഹത്തെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താന്‍. ആരെങ്കിലുമായും പ്രശ്‌നമുണ്ടെങ്കില്‍ മൊത്തത്തില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രശ്‌നമാണെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയില്ല.
എന്തായാലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. അദ്ദേഹത്തെ സദസ്സില്‍ ഇരുത്തും എന്നു പറഞ്ഞത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആളുടെ മനോഗതിയായിരിക്കും. ഷാജി എന്‍ കരുണിനെപ്പോലെ ഒരാളെ ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ സദസ്സില്‍ ഇരുത്തും എന്നു വിശ്വസിക്കാനുള്ള മൗഢ്യം എന്തായാലും ജനങ്ങള്‍ക്കുണ്ടാവില്ലെന്ന് കമല്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ വാഹനത്തില്‍ നിന്നും പിറവി സിനിമ ഒഴിവാക്കിയതിനെക്കുറിച്ച് തനിക്ക് അറിവില്ല.
ടൂറിംഗ് ടാക്കീസ് വണ്ടിയില്‍ നിന്നും താന്‍ വന്നതിന് ശേഷം സിനിമ ഒഴിവാക്കിയിട്ടില്ല. ഇതിന് മുമ്പ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ഭരണസമിതി ഉത്തരവാദികളാണെന്ന് പറയുന്നത് ശരിയല്ല. ചരിത്രത്തില്‍ നിന്നും ഷാജി കരുണ്‍ എന്ന ചലച്ചിത്രകാരനെ ഒഴിവാക്കാന്‍ പറ്റുമോ?. ഏതെങ്കിലും ഒരു കുബുദ്ധി വിചാരിച്ചാല്‍ അത് നടക്കുമോ എന്നും കമല്‍ ചോദിച്ചു.
സലിം കുമാറുമായി ഇന്നലെയും അരമണിക്കൂറോളം സംസാരിച്ചിരുന്നു. സലിംകുമാര്‍ വീണ്ടും വിവാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശമുള്ളതുകൊണ്ടാകും. ഒരിക്കലും അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. ഇവിടുത്തെ സംഘാടക സമിതിയാണ് ക്ഷണിച്ചത്. തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിട്ടില്ല. കൊച്ചിയില്‍ നടക്കുന്ന മേളയ്ക്ക് കൊച്ചിയില്‍ സംഘാടക സമിതിയുണ്ട്. ഇവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരും സലിംകുമാരിന്റെ സുഹൃത്തുക്കളുമൊക്കെ തന്നെയാണ് പേരുകളൊക്കെ തയ്യാറാക്കിയത്. അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും, വളരെ മോശമായാണ് പ്രതികരിച്ചതെന്നും ഇവിടുത്തെ സംഘാടകസമിതിയിലുണ്ടായിരുന്നവര്‍ പറഞ്ഞതായും കമല്‍ വ്യക്തമാക്കി.