40കാരിയുടെ ശ്വസനനാളത്തില്‍ വിസില്‍ കുടുങ്ങിയിരുന്നത് 25 വര്‍ഷം; ബ്രാങ്കോസ്കോപ്പിയിലൂടെ പുറത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 17th February 2021 08:33 AM |
Last Updated: 17th February 2021 08:33 AM | A+A A- |

പ്രതീകാത്മക ചിത്രം
പയ്യന്നൂർ: കളിക്കുന്നതിന് ഇടയിൽ 25 വർഷം മുമ്പ് അറിയാതെ വിഴുങ്ങിയ വിസിൽ 40കാരിയായ യുവതിയുടെ ശ്വാസനാളിയിൽ നിന്ന് പുറത്തെടുത്തു. കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്രോങ്കോസ്കോപ്പി നടത്തിയാണ് വിസിൽ പുറത്തെടുത്തത്.
പതിനഞ്ചാമത്തെ വയസ്സിൽ കളിക്കുന്നതിനിടെ വിഴുങ്ങിയ വിസിൽ ശ്വാസനാളത്തിൽ ഇത്രയുംകാലം കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഇവർക്കറിയില്ലായിരുന്നു. മട്ടന്നൂർ സ്വദേശിനിയായ സ്ത്രീക്ക് വർഷങ്ങളായി വിട്ടുമാറാത്ത ചുമയുണ്ടായിരുന്നു. തളിപ്പറമ്പിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. ജാഫറിന്റെ ക്ലിനിക്കിൽ നിന്ന് റഫർ ചെയ്യപ്പെട്ട് കണ്ണൂർ ഗവ മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗത്തിൽ എത്തുകയായിരുന്നു ഇവർ.
സിടി സ്കാൻ പരിശോധനയിലാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങിട്ടുണ്ടെന്ന് സംശയമുദിച്ചത്. ഉടൻ മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തി ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ വിസിൽ.
രോഗിയോട് തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം ഓർത്തെടുത്തത്. ആസ്ത്മയെന്നു കരുതി ഇത്രയുംകാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. വിസിൽ പുറത്തുവന്നതോടെ വിട്ടുമാറാത്ത ചുമയും അനുബന്ധ വിഷമങ്ങളുമെല്ലാം മാറിയ സന്തോഷത്തിലാണ് യുവതി.