നിരാഹാര സമരം തുടരും ; ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാലാവധി കഴിയുന്ന സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റില്‍ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി എന്നു പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്
ഷാഫി പറമ്പിലും ശബരീനാഥനും സമരക്കാര്‍ക്കൊപ്പം / ഫെയ്‌സ്ബുക്ക് ചിത്രം
ഷാഫി പറമ്പിലും ശബരീനാഥനും സമരക്കാര്‍ക്കൊപ്പം / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനും ആവശ്യപ്പെട്ടു.

സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുമെന്ന് പറയുന്നത് കണ്ണില്‍ പൊടിയിടുന്ന നടപടിയാണെന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞു. ഇതുവരെയുള്ള നിയമനങ്ങളെല്ലാം റദ്ദാക്കണം. 1205 ആളുകളെ ഇതിനകം സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. 1000 ആളുകളെ സ്ഥിരപ്പെടുത്താന്‍ നോക്കിയത് കോടതി തടഞ്ഞതു കൊണ്ടാണ് നടക്കാതെ പോയത്. 

കാലാവധി കഴിയുന്ന സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റില്‍ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി എന്നു പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്. ഇതുവരെ സ്ഥിരപ്പെടുത്തിയത് നിയമപരമായി പരിശോധിച്ച് പിന്‍വലിച്ചാല്‍ അന്തസ്സുണ്ട്. സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകും. ഇതുവരെയുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശബരീനാഥന്‍ പറഞ്ഞു. 

ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുന്നതില്‍ ഒരു ധാരണയുമില്ല. ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. അര്‍ഹതയും യോഗ്യതയുമുള്ളവരെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഈ ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com