'50 ആക്കുമെന്ന് പറഞ്ഞവര്‍ നൂറാക്കി'; ഇന്ധനവില വര്‍ധനയ്‌ക്കെതിരെ അടുപ്പുകൂട്ടല്‍ സമരവുമായി സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 07:25 PM |
Last Updated: 18th February 2021 07:25 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാചക വാതകത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനയ്‌ക്കെതിരെ അടുപ്പുകൂട്ടല്‍ സമരത്തിന് ആഹ്വാനം ചെയത് സിപിഎം. ഫെബ്രുവരി 21-ന് വൈകുന്നേരം 5 മണിക്ക് അടുപ്പുകൂട്ടല്‍ സമരം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
എല്ലാ ബൂത്തുകളിലും വില വര്‍ധനയില്‍ പ്രതിഷേധിച്ച് കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അടുപ്പുകള്‍ കൂട്ടി പാചകം ചെയ്യും.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പെട്രോളിന് ലിറ്ററിന് അമ്പതു രൂപയാക്കുമെന്ന് പ്രഖ്യാപിച്ച പാര്‍ടിയാണ് ബിജെപി. 2014-ല്‍ 72 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ നൂറു രൂപ കടന്നിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും നികുതി നിരക്കുകള്‍ ഉയര്‍ത്തി വില വര്‍ദ്ധിപ്പിക്കുകയായിരുന്നു മോദി സര്‍ക്കാര്‍. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും ഭക്ഷ്യ വസ്തുക്കളും പാചകം ചെയ്ത് കഴിക്കാന്‍ വലിയ വില നല്‍കേണ്ട അവസ്ഥയാണ് കുടുംബങ്ങള്‍ നേരിടുന്നത്. ഒരു മാസത്തില്‍ മാത്രം മൂന്നു തവണയാണ് പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചത്. കോവിഡ് മഹാമാരി കാലത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.