ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടി രൂപ സമ്മാനം 26കാരനായ കണ്ണൂർ സ്വദേശിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 08:14 AM |
Last Updated: 18th February 2021 08:14 AM | A+A A- |
ശരത്
ദുബായ്: ബുധനാഴ്‍ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് കണ്ണൂർ സ്വദേശി. 26കാരനായ ശരത് കുന്നുമ്മലാണ് മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെപ്പിൽ 10 ലക്ഷം ഡോളർ (ഏഴ് കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. ഒൻപത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ശരത് ടിക്കറ്റെടുത്തത്.
ഫെബ്രുവരി രണ്ടിന് ഓൺലൈനിലൂടെ എടുത്ത 4275 നമ്പർ ടിക്കറ്റിലൂടെയാണ് ശരതിനെയും കൂട്ടുകാരെയും കോടികളുടെ ഭാഗ്യം തേടിയെത്തിയത്. യുഎഇയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ശരത്. നറുക്കെടുപ്പിലൂടെ ലഭിച്ച ഏഴ് കോടി രൂപ പത്ത് സുഹൃത്തുക്കൾ തുല്യമായി പങ്കുവെയ്‍ക്കും.
മാതാപിതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. അവർക്കായി പണം കരുതിവെയ്ക്കും. നാട്ടിലൊരു വീണ് നിർമിക്കണമെന്നതാണ് തന്റെ മറ്റൊരു സ്വപ്നമെന്നും ശരത് വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ സമയത്ത് സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് നറുക്കെടുപ്പിൽ ബിഎംഡബ്ല്യൂ എക്സ് 6 എം50ഐ കാർ ലഭിച്ചത്. 17 കാരിയായ രെഹയുടെ പേരിൽ അച്ഛനാണ് ജനുവരി 16ന് ഓൺലൈനിലൂടെ ടിക്കറ്റെടുത്തത്. അബുദാബി ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് രെഹ.