മോട്ടോർ വാഹന നികുതി കുടിശ്ശിക ഇനി തവണകളായി അടയ്ക്കാം ; നാലുവർഷത്തിൽ കൂടുതൽ കുടിശ്ശിക ഉള്ളവർക്ക് 40 ശതമാനം വരെ ഇളവ്
By സമകാലികമലയാളം ഡെസ്‌ക് | Published: 18th February 2021 08:20 AM |
Last Updated: 18th February 2021 08:20 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : മോട്ടോർ വാഹന ഉടമകൾക്ക് സന്തോഷവാർത്ത. ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിത്തുക തവണകളായി അടയ്ക്കാൻ വാഹന ഉടമകൾക്ക് അനുവാദം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ്– കോൺട്രാക്ട് കാര്യേജ് ബസുകളുടെ 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആറുമാസം മുതൽ ഒരുവർഷം വരെയുള്ള കുടിശ്ശിക -മാർച്ച് 20മുതൽ ആറ് പ്രതിമാസ തവണയായും ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ള കുടിശ്ശിക- എട്ട് പ്രതിമാസ തവണയായും അടയ്‌ക്കാം. രണ്ടുവർഷം മുതൽ നാലുവർഷം വരെയുള്ള കുടിശ്ശിക പത്ത് പ്രതിമാസ തവണയായും അടയ്‌ക്കാം.
നാലുവർഷത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ ഇളവോടെ തുക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക അടയ്‌ക്കാവുന്നതാണ്.