നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല : കോടിയേരി
By സമകാലികമലയാളം ഡെസ്‌ക് | Published: 18th February 2021 10:10 AM |
Last Updated: 18th February 2021 10:11 AM | A+A A- |

കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ തല്‍ക്കാലം മല്‍സരിക്കാനില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത് വ്യക്തിപരമായ തീരുമാനമാണ്. ബാക്കി പാര്‍ട്ടി പറയുമെന്നും കോടിയേരി വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു തവണ ജയിച്ചവര്‍ മാറും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവ് നല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയാകും ഒരു ഘടകം. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും കാണുമെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് സിപിഎം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപിയെ തോല്‍പ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരവേലയാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബിജെപിക്ക് അവരെ വിലയ്‌ക്കെടുക്കാനാകും. സംസ്ഥാനത്ത് സിപിഎം തകര്‍ന്നാലേ ബിജെപിക്ക് രക്ഷയുള്ളൂ. പശ്ചിമബംഗാളിലും ത്രിപുരയിലും സിപിഎം ക്ഷീണിച്ചപ്പോഴാണ് ബിജെപിക്ക് മുന്നേറാനായതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.