'അന്നേ സംശയം തോന്നി, അണലി രണ്ടാം നിലയില്‍ കയറില്ല'; മൂര്‍ഖന്റെയും  അണലിയുടെയും കടിക്ക് സഹിക്കാന്‍ പറ്റാത്ത വേദനയെന്ന് വാവ സുരേഷ്

30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇടവന്നിട്ടില്ലെന്നും വാവ സുരേഷ് പറഞ്ഞു
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊല്ലം : കൊല്ലത്തെ ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലം അല്ലെന്ന് പാമ്പുപിിത്തക്കാരന്‍ വാവ സുരേഷ്. വീടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും, ഉത്ര വധക്കേസ് വിചാരണയ്ക്കിടെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം മനോജ് മുന്‍പാകെ വാവ സുരേഷ് മൊഴി നല്‍കി.

പറക്കോട്ടെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴാണ് ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്. അതില്‍ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്നും അപ്പോള്‍ത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദര്‍ശിച്ചപ്പോള്‍, മൂര്‍ഖന്‍ സ്വാഭാവികമായി ആ വീട്ടില്‍ കയറില്ല എന്നു മനസ്സിലായി.

30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇടവന്നിട്ടില്ലെന്നും വാവ സുരേഷ് പറഞ്ഞു. തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖന്റെയും അണലിയുടെയും കടികള്‍ക്കു സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഉറങ്ങിക്കിടക്കുന്നവര്‍ക്ക് പോലും ആ വേദന സഹിക്കാനാവില്ലെന്ന് സുരേഷ് മൊഴി നല്‍കി.

കേസില്‍ 51-ാം സാക്ഷി അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വറും മൊഴി നല്‍കി. അടൂര്‍ പറക്കോടുള്ള വീട്ടില്‍ അണലിയെയും അഞ്ചലില്‍ ഉത്രയുടെ വീട്ടില്‍ മൂര്‍ഖനെയും കണ്ടതു പാമ്പുകളുടെ സ്വാഭാവികമായ രീതിയില്‍ അല്ലെന്ന് അദ്ദേഹം മൊഴി നല്‍കി. ഉത്രയുടെ കൈകളിലുണ്ടായ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രം ഉണ്ടാകുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം മൊഴിയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com