സര്‍ക്കാരിനെ തിരുത്തി സിപിഎം ; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശം
By സമകാലികമലയാളം ഡെസ്‌ക് | Published: 19th February 2021 02:23 PM |
Last Updated: 19th February 2021 02:25 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം : സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സിപിഎം. അടിയന്തര നടപടി വേണമെന്ന് പാര്‍ട്ടി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ നിര്‍ദേശം നല്‍കിയത്.
പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യാഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം നേതൃയോഗം ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി.
മന്ത്രിതല ചര്‍ച്ച നടത്താനാണ് തീരുമാനം. ചര്‍ച്ച നടത്തേണ്ട മന്ത്രിമാരെ ഉടന്‍ തീരുമാനിച്ചേക്കും. ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം കേള്‍ക്കാനും, അവരെ വിശദമായി കാര്യങ്ങള്‍ മന്ത്രിമാര്‍ ബോധ്യപ്പെടുത്താനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ദേശിക്കുകയായിരുന്നു.
ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച സിപിഎം നിര്‍ദേശത്തെ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വാഗതം ചെയ്തു. ഞങ്ങള്‍ ഒരുപാട് നാളായി ആഗ്രഹിക്കുന്ന കാര്യമാണ്. വളരെയധികം സന്തോഷമുണ്ട്. ചര്‍ച്ച നടത്തുന്നതിലൂടെ പോസിറ്റീവായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലയ രാജേഷ് പറഞ്ഞു.