'അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..!'; കോണ്‍ഗ്രസുകാരനായ ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 08:26 PM |
Last Updated: 19th February 2021 08:26 PM | A+A A- |

ഇടവേള ബാബു പ്രതിപക്ഷ നേതാവിനോടൊപ്പം, ഷമ്മി തിലകന്‍
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ വേദി പങ്കിട്ട നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. താന്‍ കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന്റെ പേരില്‍ അന്ന് തിലകനോട് വിശദീകരണം ചോദിക്കുകയും അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ആളാണെന്ന് ഇടവേള ബാബുവിനെ ഉദ്ദേശിച്ച് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ന് താന്‍ കോണ്‍ഗ്രസാണ് എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നു. ഇതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യം ഉന്നയിച്ച് പരിഹാസരൂപേണയാണ് ഇടവേള ബാബുവിനെതിരെ തിലകന്റെ മകന്‍ കൂടിയായ ഷമ്മി തിലകന്‍ രംഗത്തുവന്നത്.
കുറിപ്പ്:
ഞാന്‍ കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതി പക്ഷനേതാവ്..; ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!