സ്വര്‍ണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 02:01 PM |
Last Updated: 20th February 2021 02:01 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കൊച്ചി: സ്വര്‍ണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം സ്വര്‍ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് തെളിവു വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എംആര്‍ അനിത എന്നിവരുടെ നിരീക്ഷണം.
സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസ് നിയമത്തിന്റെ പരിധിയിലാണ്, നിര്‍വചനപ്രകാരം വരിക. അത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍വരണമെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നതിനു തെളിവു വേണം. കള്ളനോട്ടു നിര്‍മിക്കുക, കടത്തുക തുടങ്ങിയവയൊക്കെയാണ് യുഎപിഎ 15-1 വകുപ്പിനു കീഴില്‍ വരികയെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ചവര്‍ക്കു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നു കരുതാനാവില്ലെന്ന എന്‍ഐഎ കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിടിക്കപ്പെട്ടവരില്‍ പലരും ബിസിനസുകാരാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സ്വര്‍ണക്കടത്തില്‍ അവര്‍ക്കുണ്ടായിരുന്നത് എന്നാണ് ഇതുവരെയുള്ള വിവരമെന്ന് കോടതി പറഞ്ഞു.