ഉദ്യോഗസ്ഥര്‍ക്ക് ചില പൂതികളുണ്ട്, അതൊന്നും കേരളത്തില്‍ നടപ്പാകില്ല : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

എവിടെയെങ്കിലും ആരെങ്കിലും ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ല
മേഴ്‌സിക്കുട്ടിയമ്മ / ടെലിവിഷന്‍ ചിത്രം
മേഴ്‌സിക്കുട്ടിയമ്മ / ടെലിവിഷന്‍ ചിത്രം

കൊല്ലം : ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയെന്ന ആരോപണം അസംബന്ധമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവര്‍ത്തിച്ചു. ഫിഷറീസ് നയം തിരുത്തിയിട്ടില്ല. മല്‍സ്യബന്ധനത്തിനും യാനം നിര്‍മാണത്തിനും കൃത്യമായ നയമുണ്ട്. ഫിഷറീസ് നയം തിരുത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

എവിടെയെങ്കിലും ആരെങ്കിലും ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ല. സര്‍വീസിന്റെ അവസാന കാലത്ത് ചില ഉദ്യോഗസ്ഥര്‍ക്ക് പല പൂതികളും ഉണ്ടാകും. അത് കേരളത്തില്‍ നടപ്പാവില്ല. മല്‍സ്യ നയത്തെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥന്‍ ആരാണെന്ന് പറയുന്നില്ല. അത് നിങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. 

എവിടെയെങ്കിലും ആരെങ്കിലും എംഒയു ഒപ്പുവച്ചെന്ന് കരുതി കേരളത്തില്‍ ഒന്നും നടപ്പാകില്ല. അസന്‍ഡ് കേരളയില്‍ നിരവധി പേര്‍ വന്നിട്ടുണ്ടാകും. അതില്‍ ധാരണാപത്രം ഒപ്പിട്ടു എന്നുകരുതി പദ്ധതി നടപ്പാകണമെന്നില്ല. പദ്ധതിക്ക് സന്നദ്ധമാണെന്ന് അറിയിക്കുന്നത് മാത്രമാണ് എംഒയു. നയത്തിന് ചേരുന്നത് മാത്രമേ നടപ്പാക്കൂ. സര്‍ക്കാരിന്റെ നയങ്ങള്‍ കമ്പനികള്‍ക്ക് വേണ്ടി മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. 

അമേരിക്കയില്‍ വെച്ച് ചര്‍ച്ച നടന്നുവെന്നും കരാര്‍ ഒപ്പിട്ടു എന്നുമാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം ആരോപിച്ചത്. ഇത് അടിസ്ഥാന രഹിതമാണ്. അതേസമയം കേരളത്തില്‍ വെച്ച് കമ്പനിയുടെ ആളുകള്‍ തന്നെ വന്നു കണ്ടിരുന്നു. സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ പലരും തന്നെ വന്നു കണ്ടിട്ടുണ്ട്. ഇപ്പോള്‍ എന്തോ വലിയ കണ്ടുപിടുത്തം നടത്തി എന്ന തരത്തിലാണ് ഒരു ചിത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.  പ്രതിപക്ഷ നേതാവ് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ കാണുകയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട പദവിയിലിരിക്കാവുന്ന പ്രതിപക്ഷ നേതാവ് ഇത്രയ്ക്കും തരംതാഴാമോ എന്നും മന്ത്രി ചോദിച്ചു. 

മല്‍സ്യനയം 2.9 തിരുത്തി എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. എന്നാല്‍ പുറം കടലില്‍ ബഹുദിന മല്‍സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോല്‍സാഹനം നടത്തുമെന്നാണ് 2.9 ല്‍ പറയുന്നത്. ഇത് വിദേശ ആഴക്കടല്‍ ട്രോളറുകള്‍ക്കുള്ള അനുമതിയാണെന്ന് വ്യാഖ്യാനിക്കുന്ന പ്രതിപക്ഷ നേതാവിന്റെ കൗശലത്തെ നമിക്കുന്നു എന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com