മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് കേരളത്തിന് കൈമാറി തമിഴ്‌നാട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 06:52 AM |
Last Updated: 20th February 2021 06:52 AM | A+A A- |

ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് കേരളത്തിന് തമിഴ്‌നാട് കൈമാറി. ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് ഇത്. കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനം റൂൾ കർവ് ലഭിക്കണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിലെ ജലം നിയന്ത്രിത അളവിൽ ശേഖരിച്ച് നിർത്തുന്നതിനായി ശാസ്ത്രീയമായ അളവുകൾ കണക്കാക്കുന്നതാണ് റൂൾ കർവ്. ബേബി ഡാം ബലപ്പെടുത്താൻ അനുവദിക്കണമെന്ന ആവശ്യം മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാട് വീണ്ടും ഉന്നയിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
എന്നാൽ പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ വനംവകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടതെന്നാണ് കേരളത്തിന്റെ പ്രതിനിധികൾ മേൽനോട്ടസമിതിയിയെ അറിയിച്ചത്. ഒരുവർഷത്തിന് ശേഷം അണക്കെട്ടിൽ എത്തിയ സംഘം ബേബി ഡാം, ഗാലറി, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്പിൽവേയിലെ മൂന്നും നാലും ഷട്ടറുകളും പരിശോധിച്ചു.