ഇ പി ജയരാജന്‍ / ഫയല്‍ ചിത്രം
ഇ പി ജയരാജന്‍ / ഫയല്‍ ചിത്രം

ഏത് ഫുഡ് പ്രോസസിങ് സെന്റര്‍ ?, ഏത് നാലേക്കറാ ?; ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പുറപ്പെട്ടിരിക്കുകയാണോ ? ; ക്ഷുഭിതനായി ജയരാജന്‍

ഇതുകൊണ്ടൊന്നും ജനങ്ങളുടെ ഇടയില്‍ ഞങ്ങളുടെ നില ദുര്‍ബലപ്പെടുത്താന്‍ സാധിക്കില്ല

തിരുവനന്തപുരം : ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നുവെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. ബ്ലാക്ക് മെയില്‍ പൊളിറ്റിക്‌സാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏത് വ്യവസായ സംരംഭകരും ഡിപിആറും മറ്റ് ആവശ്യങ്ങളുമായി പോയാല്‍ ഭൂമി കൊടുക്കാന്‍ നിയമപരമായിട്ട് നടപടി സ്വീകരിക്കും. ഇതിന് രണ്ടു മാസം വേണ്ട. നിലവിലെ സാഹചര്യത്തില്‍ ഒരാഴ്ച അല്ലെങ്കില്‍ 15 ദിവസത്തിനകം കൊടുത്തിരിക്കും. ഇഎംസിസിക്ക് ഭൂമി കൊടുത്തിട്ടുണ്ടോ എന്ന് നോക്കിയിട്ടേ പറയാനാകൂ. ഇഎംസിസിയെയും കൊണ്ട് നടക്കുന്ന ആളുകള്‍ ഇതെല്ലാം നോക്കിയിട്ട് വരൂ എന്നും മന്ത്രി പറഞ്ഞു. 

ആരാ മല്‍സ്യ ബന്ധനത്തിന് അനുമതി കൊടുത്തേ?. ഏത് ഫുഡ് പ്രോസസിങ് സെന്റര്‍ ?.  നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ ?. ഏത് നാലേക്കറാ ?. മന്ത്രി ക്ഷുഭിതനായി. കാര്യങ്ങള്‍ അറിയാതെ മാധ്യമങ്ങള്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഇവിടെ ഒരു എംഒയുവും വെച്ചിട്ടില്ല. എതെങ്കിലും ആളുകളെ വെച്ച് ബ്ലാക്ക് മെയിലിന് പുറപ്പെടരുത് ആരും. ഇപ്പോ ഒന്നും കൈവശമില്ല. എന്തെല്ലാമോ വിളിച്ചു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ പത്രക്കാരെ വിളിച്ചു പറയുന്നു. അതുകൊണ്ടൊന്നും ജനങ്ങളുടെ ഇടയില്‍ ഞങ്ങളുടെ നില ദുര്‍ബലപ്പെടുത്താന്‍ സാധിക്കില്ല. ഇതെല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ഇപ്പോള്‍ ഡിഫന്‍സ് പാര്‍ക്കിനായി ഒരാഴ്ചയ്ക്കിടെ 50 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. ഇതിങ്ങനെ കാത്തു സൂക്ഷിക്കാനുള്ളതല്ല. ഇവിടെ ഫുഡ് പ്രോസസിങ്ങിനായി ആരുമായും എംഒയു വെച്ചിട്ടില്ല, ആരും അനുവാദവും കൊടുത്തിട്ടില്ല, അങ്ങനെ ഒരു പ്രോസസുമില്ല. പിന്നെ ഏതോ ഒരാളെക്കൊണ്ട് ഇങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പുറപ്പെട്ടിരിക്കുകയാണോ എന്നും ജയരാജന്‍ ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പിആര്‍ഡി വാര്‍ത്താക്കുറിപ്പ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അവരോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. 

പദ്ധതിക്കും സംസ്‌കരണത്തിനും വേണ്ടി ഒരു ധാരണാപത്രവും ഇതുവരെ ഒപ്പു വെച്ചിട്ടില്ല. കമ്പനിയുടെ ആളുകള്‍ തന്നെയും വന്നു കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വരുന്നത് എന്നു പറഞ്ഞു. നിവേദനം സ്വീകരിച്ചുവെന്ന റസീപ്റ്റ് തരുമോ എന്ന് ചോദിച്ചു. മന്ത്രിക്ക് റസീപ്റ്റ് കൊടുക്കുന്ന ജോലിയാണോ ?.  ഇത് ശരിയായ കമ്പനിയാണോ എന്ന് അന്വേഷിക്കണം. ഇതിന് പിന്നില്‍ ബ്ലാക്ക് മെയില്‍ തന്ത്രമുണ്ടോ എന്നും പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോ എന്നതും അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com