'ഇടിവെട്ടിയ തെങ്ങില്‍ നിന്ന് തേങ്ങയിടാനാവില്ല; കാലഹരണപ്പെട്ട ലിസ്റ്റില്‍ നിന്ന് നിയമിക്കാനുമാവില്ല'; പരിഹാസവുമായി വിജയരാഘവന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 12:59 PM |
Last Updated: 21st February 2021 12:59 PM | A+A A- |
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസുത്രിത ശ്രമം നടക്കുന്നുവെന്ന്.വിജയരാഘവന്‍ ആരോപിച്ചു. വിശ്വാസമില്ലാത്ത രേഖകള്‍ ഹാജരാക്കാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥിരം പരിപാടിയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒരു കടലാസ് എടുത്ത് ഹാജരാക്കിയാല്‍ മതി. അതിന് വിശ്വാസ്യത വേണം എന്ന് നിര്‍ബന്ധം ഇല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളുണ്ടാകും. കോടിക്ക് വിലയില്ലാതാകുക തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. ചെന്നിത്തല പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു.
പരമ്പരാഗത മത്സ്യതൊഴിലാളികളോട് ഏറെ ആഭിമുഖ്യം കാണിച്ച സര്‍ക്കാരാണ് ഇത്. മത്സ്യ സംസ്‌ക്കരണത്തിനാണ് പള്ളിക്കരയിലെ പദ്ധതി. തൊഴിലാളി വിരുദ്ധമായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. മത്സ്യതൊഴിലാളികളുടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സിപിഎമ്മിന് കൃത്യമായ നയമുണ്ട്. അത് കടപ്പുറത്തു ചെന്നാല്‍ കാണാം. മന്ത്രിമാരെ പലരും കാണാന്‍ വരും. പലരും ഫോട്ടോയും എടുക്കുമെന്നും ചെന്നിത്തല പുറത്ത് വിട്ട മന്ത്രിക്കൊപ്പമുള്ള കമ്പനി പ്രതിനിധികളുടെ ഫോട്ടോയെക്കുറിച്ച് വിജയരാഘവന്‍ പ്രതികരിച്ചു. പണ്ട് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എംഒയു ആണ് ഒപ്പിട്ടതെന്ന് ഓര്‍മ്മിക്കണം. ഇടിവെട്ടിയ തെങ്ങില്‍ നിന്ന് തേങ്ങയിടാനാവില്ല. അതുപോലെ കാലഹരണപ്പെട്ട ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കാനാവില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു.