ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നാണമില്ലേ?, രണ്ടു രേഖകള്‍ കൂടി പുറത്തുവിട്ടു; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 10:05 AM |
Last Updated: 21st February 2021 10:05 AM | A+A A- |

പിണറായി വിജയന്‍, ചെന്നിത്തല/ ഫയല്‍ ചിത്രം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ രണ്ടു രേഖകള്‍ കൂടി പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിക്ഷേപ സംഗമമായ അസെന്റില്‍ ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രമാണ് ചെന്നിത്തല പുറത്തുവിട്ട രേഖകളില്‍ ഒന്ന്. കെഎസ്‌ഐഡിസി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
കഴിഞ്ഞദിവസമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി കമ്പനിക്ക് അനുമതി നല്‍കി എന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നത്. ആഴക്കടല്‍ മത്സ്യബന്ധത്തിന് ഇഎംസിസിക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ രേഖകളുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്.ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചു വെയ്ക്കുന്നു എന്ന് ചെന്നിത്തല ആരോപിച്ചു. പദ്ധതി നടപ്പാക്കാനല്ലെങ്കില്‍ എന്തിനാണ് ഇഎംസിസിക്ക് ഭൂമി അനുവദിച്ചത് എന്ന് ചെന്നിത്തല ചോദിച്ചു.
ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു. ഇംഎംസിസി സിഇഒ ആയ അമേരിക്കന്‍ വംശജനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയോ എന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് ചെന്നിത്തല ചോദിച്ചു.ന്യൂയോര്‍ക്കില്‍ മന്ത്രിയുമായി ഇഎംസിസി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.