ആലത്തൂരും കാഞ്ഞിരപ്പള്ളിയും നല്‍കാമെന്ന് സിപിഎം; പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം
ജോസ് കെ മാണി/ ഫയല്‍ ചിത്രം
ജോസ് കെ മാണി/ ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം).സിപിഎമ്മുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. നിലവില്‍ സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും സിപിഎം മത്സരിക്കുന്ന ആലത്തൂരും വിട്ടുനല്‍കാമെന്ന് സിപിഎം വ്യക്തമാക്കിയതായാണ് വിവരം. 

പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി ചര്‍ച്ചയ്്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

'കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.' ജോസ് കെ.മാണി പറഞ്ഞു.

വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു. ന്യായമായ കാര്യങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എത്ര സീറ്റുകള്‍ തങ്ങള്‍ ചോദിച്ചുവെന്നതിന് ഉത്തരം നല്‍കിയില്ല. മറ്റു പാര്‍ട്ടികളുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ധാരണയാകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com