കൂടത്തില്‍ കുടുംബത്തിലെ അവസാന മരണം കൊലപാതകം; കാര്യസ്ഥനെതിരെ കൊലക്കുറ്റം; തെളിവായത് ഫോറന്‍സിക് റിപ്പോര്‍ട്ട്

കരമന കൂടത്തില്‍ കുടുംബത്തിലെ അവസാനമരണം കൊലപാതകമെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ അവസാനമരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ നിര്‍ണായക തെളിവായത് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2017ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. നേരത്തെ അറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. 

കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. കൊല നടത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 'കൂടത്തില്‍' തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കാര്യസ്ഥനടക്കമുള്ളവര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിച്ചത്.

തലയ്‌ക്കേറ്റ പരുക്കാണ് ജയമാധവന്‍ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.

2017 ഏപ്രില്‍ മാസം രണ്ടാം തീയതി കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ കട്ടിലില്‍നിന്ന് വീണുകിടക്കുന്ന ജയമാധവന്‍ നായരെ കാണുകയും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ലീലയും രവീന്ദ്രന്‍നായരും കരമന സ്‌റ്റേഷനിലെത്തി.

മൊഴി നല്‍കാന്‍ താന്‍ ഇറങ്ങിയെന്നും ലീല ഓട്ടോയില്‍ കൂടത്തില്‍ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി. എന്നാല്‍, കരമന സ്‌റ്റേഷനില്‍ പോയില്ലെന്നും, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ളതിനാല്‍ തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ രവീന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി പരിശോധിച്ചു.

ജയമാധവന്‍ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവര്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയില്‍ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവര്‍
തന്റെ വണ്ടി രാത്രി പാര്‍ക്കു ചെയ്തിരുന്നത് കൂടത്തില്‍ തറവാട്ടിലായിരുന്നു.

ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം വിശദമായി പരിശോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com