കൊച്ചിക്കൊപ്പം ബിനാലെ ആലപ്പുഴയിലും, മാര്‍ച്ച് 10 മുതല്‍, തീം ലോകമേ തറവാട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 08:16 AM |
Last Updated: 21st February 2021 08:16 AM | A+A A- |

ബിനാലെ/ഫയല്‍ ചിത്രം
ആലപ്പുഴ: അന്താരാഷ്ട്ര ബിനാലെ മാർച്ച് 10 മുതൽ ആലപ്പുഴയിലെ വിവിധസ്ഥലങ്ങളിലും കൊച്ചിയിലുമായി സംഘടിപ്പിക്കും. ധനമന്ത്രി തോമസ് ഐസക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ബിനാലെയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു തിയതിയിലും, സ്ഥലങ്ങളിലും അദ്ദേഹം വ്യക്തത വരുത്തിയത്.
ലോകമേ തറവാട് എന്ന തീം അടിസ്ഥാനപ്പെടുത്തിയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മുസുരിസ് പൈതൃക പദ്ധതി, കയർബോർഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസംവകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിട്ടെക്ട്സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 90 ദിവസം നീളുന്ന ബിനാലെ.
ആലപ്പുഴ പട്ടണത്തെ പൈതൃകനഗരം എന്ന നിലയിൽ ബ്രാൻഡുചെയ്ത് എടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതുവഴി സാംസ്കാരികം, കല, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണർവ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ എത്തുന്ന അഞ്ചുലക്ഷത്തോളം വരുന്ന ടൂറിസ്റ്റുകളിൽ പകുതിപേരെങ്കിലും ആലപ്പുഴയുടെ പൈതൃക, സാംസ്കാരിക സമ്പത്ത് കാണാനായി ഇവിടെ ഒരുദിവസം തങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കും. കനാൽക്കരയിലുള്ള പാണ്ടികശാലകൾ പുനരുദ്ധരിച്ചുവരുകയാണ്.