പി ജെ ജോസഫിന് വീണ്ടും തിരിച്ചടി ; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ ; അപ്പീല്‍ തള്ളി

നുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ അവസാനശ്രമവും പരാജയപ്പെട്ടു എന്ന് ജോസ് കെ മാണി
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി : രണ്ടില ചിഹ്നം സംബന്ധിച്ച കേസില്‍ പി ജെ ജോസഫിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് കോടതി ശരിവച്ചു.  

നേരത്തെ പിജെ ജോസഫിന്റെ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഈ  ഉത്തരവിനെതിരെ പിജെ ജോസഫ് നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് എന്നായിരുന്നു പിജെ ജോസഫിന്റെ വാദം.

അധികാര പരിധി മറികടന്നാണ് കേരള കോണ്‍ഗ്രസ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തതെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടിക്ക് വലിയ കരുത്ത് പകരുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ മാണി പറഞ്ഞു. നുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ അവസാനശ്രമവും പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com