10 വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ ?; മന്ത്രി മോശമായി പെരുമാറി ; പ്രതികരണം ഞെട്ടിച്ചെന്ന് സമരക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 08:51 AM |
Last Updated: 22nd February 2021 08:51 AM | A+A A- |
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍/ ഫയല്‍ ചിത്രം
തിരുവനന്തപുരം : നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചര്‍ച്ച.എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു.
റിജു, ലയ രാജേഷ് അടക്കമുള്ള മൂന്ന് സമരസമിതി നേതാക്കളാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മന്ത്രിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു എന്ന് സമരക്കാര്‍ പറഞ്ഞു. 10 വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ നിങ്ങള്‍ക്ക് ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് മന്ത്രി ചോദിച്ചു.
നിങ്ങള്‍ സര്‍ക്കാരിനെ നാണം കെടുത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി മോശമായാണ് സംസാരിച്ചതെന്നും, മന്ത്രിയുടെ പ്രതികരണം വല്ലാതെ വിഷമിപ്പിച്ചെന്നും സമര സമിതി നേതാവ് ലയ രാജേഷ് പറഞ്ഞു. 28 ദിവസമായി സമരം നടത്തിയിട്ടും മന്ത്രി പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല എന്നതില്‍ പ്രയാസമുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
എന്നാല്‍ ഏത് മന്ത്രിയാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന ചോദ്യത്തിന്, മന്ത്രിയുടെ പേര് പറയാന്‍ താല്‍പ്പര്യമില്ലെന്ന് ലയ രാജേഷ് അടക്കമുള്ളവര്‍ വ്യക്തമാക്കി. അത് സര്‍ക്കാരിനെതിരായ നീക്കമായി വ്യാഖ്യാനിക്കും. തങ്ങളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി ഇന്ന് ഓരോ വകുപ്പിലെ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വൈകീട്ട് മുതല്‍ നിരാഹാര സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.