കാസര്‍കോട് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടരമീറ്റര്‍ വരെ താഴ്ന്നു; വരള്‍ച്ച ഉണ്ടാകുമോ എന്ന് ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 05:25 PM |
Last Updated: 22nd February 2021 05:25 PM | A+A A- |

പ്രതീകാത്മക ചിത്രം
കാസര്‍കോട്: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റര്‍ വരെ താഴ്ന്നതായി കണ്ടെത്തല്‍. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് ഭൂജല നിരപ്പിലെ കുറവ് കണ്ടെത്തിയത്.
ജില്ലയിലെ 21 പരിശോധനാ കുഴല്‍ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. 3 എണ്ണത്തില്‍ മാത്രമാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധന കണ്ടെത്തിയത്.ബാക്കി 18 എണ്ണത്തിലും കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. വൊര്‍ക്കാടി പഞ്ചായത്തിലാണ് ജലനിരപ്പ് ഏറ്റവും കൂടുതല്‍ കുറഞ്ഞത് (2.6 മീറ്റര്‍). കുറ്റിക്കോല്‍ പഞ്ചായത്തിലെ ബേത്തൂര്‍പ്പാറയിലും (2.4 മീറ്റര്‍), ബന്തടുക്കയിലും (1.9 മീറ്റര്‍) കുറഞ്ഞു. കുഴല്‍ കിണര്‍ റിച്ചാര്‍ജ് വ്യാപകമായി നടപ്പിലാക്കിയിട്ടും ജലനിരപ്പില്‍ കുറവ് ഉണ്ടായത് ഗൗരവത്തോടെയാണ് കാണുന്നത്.അതേസമയം കിണറുകളില്‍ മുന്‍ വര്‍ഷത്തെ ശരാശരിയേക്കാള്‍ ജലനിരപ്പ് വര്‍ധിക്കുകയും ചെയ്തു.
ഡിസംബര്‍ മാസത്തിലെ വേനല്‍മഴയാണ് ഇതിനു കാരണമെന്ന് വിലയിരുത്തുന്നു. ഭൂജല വകുപ്പിന്റെ രേഖകള്‍ പ്രകാരം കാസര്‍കോട് ബ്ലോക്ക് വരള്‍ച്ചാ സാധ്യത ഏറ്റവും കൂടുതലുള്ള ക്രിട്ടിക്കല്‍ ബ്ലോക്കാണ്. കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കലും. ഇവിടെ കുഴല്‍ കിണര്‍ കുഴിക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ കുഴിക്കല്‍ തകൃതിയായി നടക്കുകയാണെന്ന പരാതി ശക്തമാണ്.മഴവെള്ളം റീചാര്‍ജ് ചെയ്യുക മാത്രമാണ് കുഴല്‍ കിണറുകളിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള ഏക പോംവഴി.