'ഐഎഎസ് ആയാല്‍ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട' ; പ്രശാന്ത് നായര്‍ക്കെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രവർത്തിക്കാമോ എന്ന് മന്ത്രി ചോദിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

കോഴിക്കോട് : ആഴക്കടല്‍ ട്രോളര്‍ വിവാദത്തില്‍ കെഎസ്‌ഐഎന്‍ഡി എംഡി പ്രശാന്ത് നായരെ പരോക്ഷമായി വിമര്‍ശിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.   എന്തിന്റെ അടിസ്ഥാനത്തിലാണ് ഡീപ് സീ ട്രോളറിനായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ 400 കോടി ഡോളറിന്റെ  ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ചോദിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനം ഇത്തരത്തില്‍ ഓര്‍ഡര്‍ നല്‍കിയത് ?. മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്‌തോ ?. ഫിഷറീസ് വകുപ്പിനോട് ചര്‍ച്ച ചെയ്‌തോ ?. സര്‍ക്കാരിന്റെ നയം അതാണോ ?. നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രവർത്തിക്കാമോ.. ഐഎഎസുകാര്‍ക്കൊക്കെ മിനിമം ധാരണ വേണം. മിനിമം വിവരമില്ലാതെ 400 ഷിപ്പ് നിര്‍മ്മിക്കാനാണ് കരാര്‍. എത്രകാലം കൊണ്ടാണ് ?. മന്ത്രി ചോദിച്ചു.

ഇപ്പോള്‍ നമ്മള്‍ 10 ഡീപ് സീ ലോങ്‌ലൈനര്‍ നിര്‍മ്മിക്കാനായി ഷിപ്പ്യാര്‍ഡുമായി ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ പത്തെണ്ണം കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ നാലു ജില്ലകള്‍ക്കാണ് കൊടുക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യക്തമാക്കിയത് ഒരു ഡീപ് സീ ട്രോളര്‍ നിര്‍മ്മിക്കാന്‍ എട്ടുമാസം വേണമെന്നാണ്.

കെഎസ്‌ഐന്‍സി 400 ഡോളര്‍ നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. ആര്‍ക്കുവേണ്ടി ?. മിനിമം വിവരം ഉണ്ടെങ്കില്‍ 400 എണ്ണം ഇക്കാലത്ത് നിര്‍മ്മിക്കുമെന്ന് ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ. ഐഎഎസ് ആയാല്‍ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട. ആരോട് ചോദിച്ചു. എങ്ങനെയാണ് ഇക്കാര്യം ചെയ്തത്. ഇപ്പോള്‍ രമേശ് ചെന്നിത്തല ഇക്കാര്യം ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയമായ ഗൂഢലക്ഷ്യം അതിന്റെ പിന്നിലുണ്ടോ എന്ന ശക്തമായ ആക്ഷേപമാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു.

വിവാദ കരാര്‍ ആരോട് ചോദിച്ചിട്ടാണ് നടപ്പാക്കിയതെന്നും, കരാറിന് മുമ്പ് വകുപ്പിനോടോ മുഖ്യമന്ത്രിയോടോ ആലോചിച്ചില്ലെന്നും മന്ത്രി പിന്നീട് പറഞ്ഞു. ഇക്കാര്യത്തില്‍ അയാള്‍ (കെഎസ്‌ഐഎന്‍ഡി എംഡി ) മറുപടി പറയേണ്ടി വരും. ഇക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന പദവിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നയം അറിഞ്ഞിരിക്കേണ്ടതാണ്.

ഈ നയത്തില്‍ നിന്നും വ്യതിചലിച്ചാല്‍, അക്കാര്യത്തില്‍ അയാള്‍ മറുപടി പറയേണ്ടി വരും.അല്ലാതെ ഇതില്‍ ബലിയാടാക്കല്‍ ഒന്നുമില്ല. എന്ത് ബലിയാട് എന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. സര്‍ക്കാര്‍ കടല്‍ച്ചുഴിയിലാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. വിഷയത്തില്‍ മാധ്യമങ്ങള്‍ അധമപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com