വാഹനത്തില്‍ നാലുപേര്‍; ആവശ്യപ്പെട്ടത് പണം; യുവതി ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 05:26 PM |
Last Updated: 22nd February 2021 05:26 PM | A+A A- |
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം
പാലക്കാട്: തന്നെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമാണോ എന്നറിയില്ലെന്ന് ആലപ്പുഴ മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു. പാലക്കാട് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ടത്. യുവതിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്‌റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.
അവശനിലയിലായിരുന്നതിനാല്‍ യുവതിയെ കൂടുതല്‍ ചോദ്യംചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ യുവതിയെ ആലപ്പുഴ പോലീസിന് കൈമാറും. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് ഗള്‍ഫില്‍നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും സൂചനയുണ്ട്.