ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം ആയുധമാക്കി യുഡിഎഫ്; ജാഥകളുമായി പ്രതാപനും ഷിബു ബേബി ജോണും,തീരദേശ ഹര്‍ത്താലിന് പിന്തുണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 05:35 PM |
Last Updated: 23rd February 2021 05:35 PM | A+A A- |
ടി എന്‍ പ്രതാപന്‍, ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന ധാരണപത്രം പ്രചാരണായുധമാക്കാന്‍ യുഡിഎഫ്. യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. കാസര്‍കോട് നിന്ന് ടി എന്‍ പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ജാഥ അഞ്ചിന് എറണാകുളത്ത് സമാപിക്കും. കൂടാതെ 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് പിന്തുണ നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.
വിവാദങ്ങള്‍ക്ക് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ധാരണാപത്രത്തിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, ഇഎംസിസിയുമായി വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) 2020 ഫെബ്രുവരി 28ന് ഒപ്പിട്ട 5000 കോടി രൂപയുടെ ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രവും അതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പള്ളിപ്പുറം മെഗാ ഫുഡ് പാര്‍ക്കില്‍ ഇഎംസിസിക്ക് 4 ഏക്കര്‍ ഭൂമി അനുവദിച്ചുള്ള ഉത്തരവും റദ്ദാക്കിയിട്ടില്ല.