5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുന്നു, റദ്ദാക്കിയത് ഒരു ഭാഗം മാത്രം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കേരളത്തിലെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാനാണ് ലക്ഷ്യമിട്ടത്
രമേശ് ചെന്നിത്തല /ലൈവില്‍ നിന്ന്‌
രമേശ് ചെന്നിത്തല /ലൈവില്‍ നിന്ന്‌

തിരുവനന്തപുരം : ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം തൃപ്തികരമല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. ധാരണാപത്രത്തിലെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. അസെന്‍ഡില്‍ ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് അസന്‍ഡില്‍ അനുവദിച്ച 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല. പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം നല്‍കിയതും റദ്ദാക്കിയിട്ടില്ല. ഇത് പദ്ധതി എപ്പോള്‍ വേണമെങ്കിലും തുടങ്ങുക ലക്ഷ്യമിട്ടാണ്. മല്‍സ്യ നയത്തില്‍ വരുത്തിയ മാറ്റവും സര്‍ക്കാര്‍ പുനഃപരിശോധിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പള്ളിപ്പുറത്ത് നല്‍കിയ നാലേക്കര്‍ സര്‍ക്കാര്‍ തിരികെ വാങ്ങാന്‍ തയ്യാറാകണം. വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കണം. ധാരണാപത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയാണ്. ഇഎംസിസിയുമായി ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറച്ചുവെക്കുന്നു. ഫിഷറീസ് മന്ത്രി ഓരോ ദിവസവും കള്ളങ്ങള്‍ പറയുകയാണ്.

അസന്‍ഡില്‍ വെയ്ക്കുന്നതിന് മുമ്പും ശേഷവും ഈ പദ്ധതി സംബന്ധിച്ച് വിശദാമയ ചര്‍ച്ച മുഖ്യമന്ത്രി തലത്തിലും മന്ത്രിമാരുടെ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടന്നിട്ടുണ്ട്. അസന്‍ഡില്‍ വെക്കുന്നതിന് മുമ്പാണ് കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് ഇഎംസിസിയുടെ യോഗ്യത തേടി കേന്ദ്ര വിദേശകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

അസന്‍ഡില്‍ വെക്കുന്നതിന് മുമ്പ് ഇഎംസിസി ഫിഷറീസ് വകുപ്പിനും മന്ത്രിക്കും രേഖ കൈമാറിയിരുന്നു. സംസ്ഥാന മല്‍സ്യ നയത്തിന്റെ മാറ്റം തന്നെ ഇതിന്റെ ഭാഗമായിട്ടുണ്ടായ ഗൂഢാലോചനയാണ്. കടല്‍ വില്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കേരളത്തിലെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഇതിനാണ് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തത്. 27 ന് പ്രഖ്യാപിച്ചിട്ടുള്ള തീരദേശ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com