സിബിഐ ആവശ്യപ്പെട്ടു; ലാവലിന്‍ കേസ് വീണ്ടും മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 11:52 AM |
Last Updated: 23rd February 2021 11:52 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്കു മാറ്റി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് വീണ്ടും മാറ്റിയത്.
നേരത്തെ ഇരുപതു തവണ മാറ്റിവച്ച കേസില്‍ ഇന്നു വാദം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേന്ദ്രം ലാവലിന്‍ കേസ് സജീവമാക്കുകയാണെന്നും വിലയിരുത്തലുകള്‍ വന്നു.
കേസ് ഇന്നു തന്നെ കേട്ടുകൂടേയെന്ന് രാവിലെ ഇക്കാര്യം പരിഗണനയ്ക്കു വന്നപ്പോള്‍ ബെഞ്ച് ആരാഞ്ഞെങ്കിലും മാറ്റിവയ്ക്കണമെന്ന നിലപാടില്‍ സിബിഐ ഉറച്ചുനില്‍ക്കുകയായിരുന്നു.
പിണറായി വിജയനെ ഒഴിവാക്കിയതിനെതിരെ സിബിഐയും കുറ്റപത്രത്തിനെതിരെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള മറ്റ് പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതൃത്വവുമായുള്ള രഹസ്യധാരണയെത്തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ സിബിഐ മെല്ലെപ്പോക്ക് തുടരുന്നതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.