ഷാനിമോളും ലതികയും തോറ്റാല്‍ പത്മജയ്ക്കു മന്ത്രിയാകാം; കോണ്‍ഗ്രസില്‍ ഇങ്ങനെയൊക്കെയാണു ചര്‍ച്ചകള്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരു ജയിക്കാതിരുന്നാല്‍ ആരു മന്ത്രിയാകും എന്നതാണു  ചര്‍ച്ചകളുടെ പൊതുസ്വഭാവം
ഷാനിമോളും ലതികയും തോറ്റാല്‍ പത്മജയ്ക്കു മന്ത്രിയാകാം; കോണ്‍ഗ്രസില്‍ ഇങ്ങനെയൊക്കെയാണു ചര്‍ച്ചകള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയെങ്കിലും കോണ്‍ഗ്രസിനു വനിതാ സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചെടുക്കാന്‍ കഴിയുമോ? യുഡിഎഫില്‍ സാധാരണയായി വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാറുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെങ്കിലും ജയിക്കുന്ന സീറ്റുകളിലല്ല മല്‍സരിപ്പിക്കുന്നത് എന്ന സ്ഥിതിക്ക് 2021ലെങ്കിലും മാറ്റമുണ്ടാകുമോ? ഇത്തരം ചോദ്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവം. പക്ഷേ, മറ്റു പല സമവാക്യങ്ങളെയും ചുറ്റിപ്പറ്റിയാണു കോണ്‍ഗ്രസ്സിലും യുഡിഎഫിലും പിന്നാമ്പുറ ചര്‍ച്ചകള്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരു ജയിക്കാതിരുന്നാല്‍ ആരു മന്ത്രിയാകും എന്നതാണു വിചിത്ര ചര്‍ച്ചകളുടെ പൊതുസ്വഭാവം. 

സിറ്റിംഗ് എംഎല്‍എയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്‍ അരൂരിലും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഏറ്റുമാനൂരിലും കെപിസിസി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍ തൃശൂരിലും മല്‍സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരില്‍ ഒരു വനിതാ മന്ത്രിയാണ് ഉണ്ടാവുക. ഈ മൂന്നു നേതാക്കളും പ്രധാനികളായതുകൊണ്ട് മൂന്നുപേരും ജയിച്ചുവന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പോര് ഉറപ്പ്. അതുകൊണ്ട് ആ പ്രതിസന്ധി ഒഴിവാക്കാന്‍ ജയിക്കാനിടയുള്ള സ്ത്രീകളുടെ മല്‍സരസാധ്യത പരമാവധി കുറയ്ക്കുക.കേള്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നാം. പക്ഷേ, പത്മജാ വേണുഗോപാല്‍ ജയിച്ചുവന്നാല്‍ മന്ത്രിയാകുമെന്ന് ഉറപ്പു വരുത്താനുള്ള കരുനീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ ചില കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അരൂരില്‍ ഷാനിമോള്‍ക്ക് സീറ്റു ലഭിക്കുന്നത് ഒഴിവാക്കാനും ഏറ്റുമാനൂരില്‍ ലതികയുടെ പേരു വെട്ടാനും നീക്കങ്ങള്‍ തകൃതി.

തൃശൂരില്‍ കഴിഞ്ഞ തവണ സിപിഐയുടെ വി എസ് സുനില്‍ കുമാറിനോടാണ് പത്മജ വേണുഗോപാല്‍ തോറ്റത്. ഇത്തവണ സുനിലിനു സീറ്റില്ല. പകരം മല്‍സരിക്കുന്നത് അദ്ദേഹത്തെപ്പോലെ ജനപ്രിയനല്ലെങ്കില്‍ കോണ്‍ഗ്രസിനു സീറ്റു തിരിച്ചു പിടിക്കാനാകും എന്നാണു പ്രതീക്ഷ. 2011ലെപ്പോലെ ഒരു സ്്രതീ മാത്രം ജയിച്ചുവന്നാല്‍ തര്‍ക്കമുണ്ടാകില്ലല്ലോ എന്ന് 'ഓഫ് ദ റെക്കോഡ്' ആയി പറയുന്ന നേതാക്കള്‍ പലരുണ്ട്. മാനന്തവാടിയില്‍ നിന്നു ജയിച്ച പി കെ ജയലക്ഷ്മി  അന്ന് ആദ്യമായാണ് എംഎല്‍എ ആയത്. രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തു കുറവുമായിരുന്നു. എങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് അവരെ മന്ത്രിയാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വനിതകളില്‍ഒരാള്‍പോലും ജയിച്ചില്ല. പിന്നീട് അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചപ്പോഴാണ് പ്രതിപക്ഷത്തിന് നിയസഭയില്‍ സ്ത്രീപ്രതിനിധി ഉണ്ടായത്. മാനന്തവാടിയില്‍ 2016ല്‍ മല്‍സരിച്ച പി കെ ജയലക്ഷ്മി വിജയിച്ചില്ല. അവരെക്കൂടാതെ കാഞ്ഞങ്ങാട്ട് ധന്യ സുരേഷ്, ഷൊര്‍ണൂരില്‍ സി സംഗീത, ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, ആലപ്പുഴയില്‍ ലാലി വിന്‍സെന്റ്, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍ എന്നിങ്ങനെ ഏഴു പേരാണ് കോണ്‍ഗ്രസ് സീറ്റു നല്‍കിയ സ്ത്രീകള്‍. ഇത്തവണ  പത്തോ പന്ത്രണ്ടോ പേരെങ്കിലും മല്‍സര രംഗത്തുണ്ടായേക്കും. 

പുതുതായി എറണാകുളത്തു നിന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്, പത്തനംതിട്ട മുന്‍ നഗസഭാംഗവും മുന്‍ കെപിസിസി സെക്രട്ടറിയുമായ അജീബ എം സാഹിബ, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഡി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കു സീറ്റുണ്ടാകാനാണു സാധ്യത. കഴിഞ്ഞ തവണ മല്‍സരിച്ച ചിലരെ ഒഴിവാക്കും. പകരം മഹിളാ കോണ്‍ഗ്രസ്സില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്നും കെ എസ് യുവില്‍ നിന്നും വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകും. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജയസാധ്യതയ്ക്കു മുന്‍തൂക്കം നല്‍കണമെന്നും ഗ്രൂപ്പുള്‍പ്പെടെ മറ്റു പരിഗണനകള്‍ ഉണ്ടാകരുതെന്നും ഇത്തവണ ഹൈക്കമാന്റു നിര്‍ദേശമുണ്ട്. ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടായേക്കും എന്ന പ്രതീതി ശക്തമായതുകൊണ്ടും ചാനല്‍ സര്‍വേ ഫലങ്ങളും ആ വഴിക്കായതുകൊണ്ടും കോണ്‍ഗ്രസിനു ജാഗ്രത കൂടുതലാണ്. സ്ത്രീപ്രാതിനിധ്യത്തിന്റെ പേരിലാണെങ്കിലും ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നതിനെതിരേ മുതിര്‍ന്ന നേതാക്കള്‍ ഒറ്റ സ്വരത്തിലാണു സംസാരിക്കുന്നത്. ഇത്തവണ അധികാരം നേടാനായില്ലെങ്കില്‍ യുഡിഎഫ് ഛിന്നഭിന്നമാകുമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിന്നു വലിയ തോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും നേതൃത്വത്തിനു ഭയമുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ചില വനിതാ നേതാക്കള്‍ക്കെതിരായ കരുനീക്കം. അരൂരിലും ഏറ്റുമാരിലും അട്ടിമറി നടന്നാല്‍ അത്ഭുതപ്പെടാനില്ലാത്ത സ്ഥിതി.

2019 ഒക്ടോബറിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി മനു സി പുളക്കലിനെ 2079 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ പരാജയപ്പെടുത്തിയത്. തൊട്ടുമുമ്പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 ലോക്‌സഭാ സീറ്റുകളിലും യുഡിഎഫ് ജയിച്ചപ്പോള്‍ പരാജയപ്പെട്ട ഒരേയൊരു സീറ്റ് അവര്‍ മല്‍സരിച്ച ആലപ്പുഴയായിരുന്നു. സിപിഎമ്മിന്റെ എ എം ആരിഫിനോട് 10474 വോട്ടുകള്‍ക്കാണ് തോല്‍വി. തന്റെ തോല്‍വിയില്‍ കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ക്കു പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷാനിമോള്‍ കെപിസിസിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. കെ സി വേണുഗോപാല്‍ 2019ല്‍ 19,407 വോട്ടും 2009ല്‍ 57635 വോട്ടും ഭൂരിപക്ഷം നേടി വിജയിച്ചിടത്താണ് 2019ല്‍ ഷാനിമോളുടെ പരാജയം. ഇത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയുമായി. കൂടുതല്‍ പരാതികളിലേക്കും ചര്‍ച്ചകളിലേക്കും പോകാതിരിക്കാന്‍ കൂടിയാണ് അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കിയത്. 

യുഡിഎഫ് 2021ല്‍ അധികാരത്തിലെത്തുകയും ഷാനിമോള്‍ ജയിച്ചു വരികയും ചെയ്താല്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടി വരും. അതിനു തടയിടാനാണ് മുന്‍കൂട്ടിയുള്ള നീക്കങ്ങള്‍. വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപി യോഗത്തിനും താല്‍പര്യമുള്ള ചിലരുടെ പേരുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ട്. ആലപ്പുഴ നഗരസഭാ അധ്യക്ഷയായിരിക്കെ യുഡിഎഫ് തന്നെ അവിശ്വാസപ്രമേയം കൊണ്ടുവന്നു താഴെയിറക്കുകയും മൂന്നാം ദിവസം അവര്‍ തന്നെ പിന്തുണ നല്‍കി വീണ്ടും നഗരസഭാധ്യക്ഷയാക്കുകയും ചെയ്ത ചരിത്രവുമുണ്ട് ഷാനിമോള്‍ ഉസ്മാന്.

2011ല്‍ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനോടു മല്‍സരിച്ച ലതികാ സുഭാഷ് 54312 വോട്ടുകള്‍ നേടി. എന്നാല്‍ 2006ല്‍ സതീശന്‍ പാച്ചേനി വി എസ്സിനെതിരേ മല്‍സരിച്ചപ്പോള്‍ കിട്ടിയത് 44758 വോട്ടും 2016ല്‍ വി എസ്സിനോട് കെ എസ് യു നേതാവ് വി എസ് ജോയി മല്‍സരിച്ചപ്പോള്‍ നേടിയത് 35313 വോട്ടുകളും മാത്രം. മുന്നണി രാഷ്ട്രീയം മാറിമറിഞ്ഞപ്പോഴാണ് ലതികയുടെ സ്വന്തം നാടായ ഏറ്റുമാനൂരില്‍ ഇത്തവണ കോണ്‍ഗ്രസിനു  മല്‍സരിക്കാന്‍ സാഹചര്യമുണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ( എം) ആണ് അവിടെ മല്‍സരിച്ചിരുന്നത്. അവര്‍ എല്‍ഡിഎഫില്‍ പോയതോടെ സീറ്റൊഴിവായി. ജോസഫ് ഗ്രൂപ്പിന്റെ അവകാശവാദ പട്ടികയില്‍ ഏറ്റുമാനൂര്‍ ഇല്ലതാനും. എന്നാല്‍ ലതികയ്ക്കു സീറ്റു കൊടുക്കാതിരിക്കാനുള്ള ചരടുവലികള്‍ സജീവം. ഒരു ഡിസിസി ഭാരവാഹിയടെയും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും പേരുകളാണ് പകരം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 1991ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ലതികാ സുഭാഷ് പിന്നീട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പ്രസിഡന്റുമായിരുന്നു.

കെ കരുണാകരന്റെ മകള്‍ എന്ന നിലയില്‍ കെ മുരളീധരനു പിന്നാലെ കോണ്‍ഗ്രസില്‍ സജീവമായ പത്മജ വേണുഗോപാല്‍, 2014ല്‍ കെ കരുണാകരനും കെ മുരളീധരനും ഡിഐസി രൂപീകരിച്ചു കോണ്‍ഗ്രസ് വിട്ടപ്പോള്‍ കോണ്‍ഗ്രസില്‍ത്തന്നെ ഉറച്ചു നിന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നത്. മുകുന്ദപുരത്തുനിന്ന് ലോക്‌സഭയിലേക്കു മല്‍സരിച്ചെങ്കിലും ലോനപ്പന്‍ നമ്പാടനോടു തോറ്റു. ഇടക്കാലത്ത് കെറ്റിഡിസി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com