എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ഗുസ്തി, ഡല്‍ഹിയില്‍ ദോസ്തി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 04:20 PM |
Last Updated: 23rd February 2021 04:20 PM | A+A A- |
പ്രഹ്ലാദ് ജോഷിയുടെ വാര്‍ത്താ സമ്മേളനതത്തില്‍ നിന്ന്
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും സൗഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. തിരുവനന്തപുരത്ത് ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ഗുസ്തിയിലാണ്, ഡല്‍ഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവര്‍ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനര്‍ജി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ ബംഗാളില്‍ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയായി മാറി'
എല്‍ഡിഎഫ് ഡല്‍ഹിയിലും ബംഗാളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. തമിഴ്‌നാട്ടിലും അവര്‍ സുഹൃത്തുക്കളാണ്. ഡെമോക്രസിയിലാണോ ഹിപ്പോക്രസിയിലാണോ വിശ്വസിക്കുന്നത് എന്നാണ് തനിക്ക് രാഹുലിനോട് ചോദിക്കാനുള്ളതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ട്രാക്ടര്‍ ആക്ടര്‍ (അഭിനേതാവ്) ആവാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. നിങ്ങള്‍ എ.പി.എം.സികളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കേരളത്തില്‍ എ.പി.എം.സികള്‍ ഇല്ലാത്തത്. രാഷ്ട്രീയമെന്നാല്‍ അധികാരം നേടാനുള്ളത് മാത്രമോ, ചിലരുമായി അവിടെയും ഇവിടെയും സഖ്യം സ്ഥാപിക്കാനോ മാത്രമുള്ളതല്ല. എന്തുകൊണ്ടാണ് ഈ പാര്‍ട്ടികള്‍ക്ക് സംസ്ഥാനം മാറുമ്പോള്‍ സഖ്യം മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വോട്ടിന് വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ഇന്ന് ശബരിമല വിഷയം വിവാദമാക്കി ഉയര്‍ത്തുന്നത്. അവര്‍ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് അവര്‍ രാഹുലിനെ പറഞ്ഞു മനസ്സിലാക്കിയില്ല. വോട്ടിന് വേണ്ടി മുസ്ലിം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.