സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചു; പൊതി നല്‍കിയത് ഹനീഫ; കൂടുതല്‍ വെളിപ്പെടുത്തലുമായി ബിന്ദു

തന്നെ എല്‍പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം

കോട്ടയം: തന്നെ എല്‍പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് പൊതി നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചുപറഞ്ഞത്. ഇതോടെ ഭയന്നുപോയ താന്‍ മാല ദ്വീപില്‍ ഇറങ്ങിയപ്പോള്‍ സ്വര്‍ണമടങ്ങിയ പൊതി അവിടെ ഉപേക്ഷിച്ചെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പത്തിരുപത് പേരുണ്ടായിരുന്നു. വീട് തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് തട്ടിക്കൊണ്ടു പോയതെന്നും ബിന്ദു പറഞ്ഞു. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ശിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കാറില്‍വെച്ച് ഇവര്‍ ഉപദ്രവിച്ചെന്നും ബിന്ദു വെളിപ്പെടുത്തി. 

ഫെബ്രുവരി 19-നാണ് ദുബായില്‍നിന്ന് മാല ദ്വീപ് വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഹനീഫ എന്നയാളാണ് യുവതിക്ക് ദുബായിലേക്കുള്ള വിസിറ്റിങ് വിസ സംഘടിപ്പിച്ചു നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

അതേസമയം മാന്നാറില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു.

സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യംചെയ്യും. ഇതിനായി ഉദ്യോഗസ്ഥര്‍ പരുമലയിലെ ആശുപത്രിയില്‍ എത്തി. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാന്നാര്‍ സ്വദേശി പീറ്ററുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അക്രമി സംഘത്തിന് സഹായം നല്‍കിയതും ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും പീറ്ററാണ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിദേശത്തു നിന്നു മടങ്ങിയെത്തിയ ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടത്തുന്നതിനിടെ 200 കിലോമീറ്റര്‍ അകലെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com