പോളിങ് ഉദ്യോഗസ്ഥർക്ക് ഇന്നുമുതൽ കോവിഡ് വാക്സിൻ; ടിക്കാറാം മീണ ആദ്യ ഡോസ് സ്വീകരിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 08:56 AM |
Last Updated: 23rd February 2021 08:56 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് വാക്സിൻ കുത്തിവയ്പ്പു ഇന്നു തുടങ്ങും. രാവിലെ 10:45നു തെരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്സിനെടുക്കും. തുടർന്ന് ഓഫീസിലെ ജീവനക്കാർക്കും വാക്സിൻ നൽകും.
പോളിങ് ഡ്യൂട്ടിയുള്ള രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിനേഷൻ നൽകാനാണ് നിർദേശം. മാർച്ച് 31നകം ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കൂടുതൽ വാക്സിനുകൾ നൽകാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം
മുൻനിര പോരാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനിടെ പോളിങ് ഉദ്യോഗസ്ഥർക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തീകരിക്കുക ശ്രമകരമായ കാര്യമാണ്. കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ തുറന്ന് വാക്സിനേഷൻ വേഗത്തിലാക്കാനാണ് പദ്ധതി.
നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ആദ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശമാണ് മാർച്ച് ഏഴിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന സൂചന നൽകിയത്. അതുവരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പരമാവധി എത്താൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ മാർച്ച് നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഞാൻ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാർച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ് പ്രധാനമന്ത്രി പറഞ്ഞു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ തീയതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് പ്രധാനമന്ത്രി സൂചന നൽകിയത്.