പ്രശാന്ത് എന്റെ വകുപ്പില്‍ അല്ല, എന്നോടു ചോദിക്കേണ്ട; മുരളീധരന്‍ രഹസ്യം പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടത്: ഇപി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 12:52 PM |
Last Updated: 23rd February 2021 12:52 PM | A+A A- |

എന്‍ പ്രശാന്ത്, ഇപി ജയരാജന്‍/ഫയല്‍
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷണമില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ബ്ലാക്ക് മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ലെന്ന് ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ ആര്‍ക്കും പോയി ചര്‍ച്ച നടത്താം. അതിനെയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത് ബ്ലാക്ക് മെയില്‍ ആരോപണമാണ്. അതൊന്നും അന്വേഷിക്കാന്‍ സമയമില്ല. വികസനകാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
ഇഎംസിസിക്കു സര്‍ക്കാര്‍ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാത്ത ഭൂമി എങ്ങനെയാണ് റദ്ദാക്കാനാവുക?
കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. രഹസ്യം അറിഞ്ഞാല്‍ വി മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു.
എന്‍ പ്രശാന്ത് തന്റെ വകുപ്പില്‍ അല്ലെന്നും അതുകൊണ്ടുതന്നെ പ്രശാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നോടു ചോദിക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.