'ജീവിതത്തിനും മരണത്തിനും ഇടയിൽ കിടന്ന് ചക്രശ്വാസം വലിച്ചു', യുദ്ധം ജയിച്ച് മടങ്ങിയെത്തി; ആരോ​ഗ്യവാനായി സന്തോഷ് ജോർജ് കുളങ്ങര 

മലയാളികളുടെ പ്രിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ആരോ​ഗ്യം വീണ്ടെടുത്ത് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൊച്ചി: ഗുരുതരാവസ്ഥയിൽ ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം മലയാളികളുടെ പ്രിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ആരോ​ഗ്യം വീണ്ടെടുത്ത് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. വെന്റിലേറ്ററിൽ കിടന്നുകൊണ്ടും ലാപ്‌ടോപ്പിൽ 'സഞ്ചാരം' എഡിറ്റ് ചെയ്ത സന്തോഷി‌ന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. "ജീവിതത്തിലെ ദൗത്യം കഴിഞ്ഞാൽ മരിക്കണം. ദീർഘായുസ് എന്നെല്ലാം കേട്ടാൽ തമാശയാണ്. സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചുകഴിഞ്ഞു, അതുകൊണ്ടുതന്നെ അവസാന ആഗ്രഹമൊന്നും ഇല്ല", ആശുപത്രി വാസം കഴിഞ്ഞ് ആരോ​ഗ്യവാനായി മടങ്ങിയെത്തിയ സന്തോഷ് പറഞ്ഞു. 

ജനുവരി 11-ന് പതിവ് വൈദ്യപരിശോധനയ്ക്കു വേണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ് സന്തോഷ്. തുടർന്നുള്ള 20 ദിവസത്തെ, 'ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള യാത്ര' എന്നാണ് സന്തോഷ് വിശേഷിപ്പിക്കുന്നത്. പിത്തസഞ്ചിയിൽ കല്ലുണ്ടെന്ന് കണ്ടെത്ത‌ിയതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തി. കീ ഹോൾ ലാപ്രോസ്‌കോപി ശസ്ത്രക്രിയയ്ക്കു ശേഷം പിറ്റേന്ന് ആശുപത്രി വിടാനിറങ്ങുമ്പോൾ ശ്വാസംമുട്ടലുണ്ടാകുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കോവിഡ് ബാധയാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ നെ​ഗറ്റീവ് എന്ന് കണ്ടെത്തി. പിന്നീട് സിടി സ്കാൻ ചെയ്തപ്പോഴാണ് ന്യൂമോണിയ ആണെന്നറിഞ്ഞത്. 

പിന്നീടുള്ള ദിവസങ്ങളിൽ രോഗം കൂടുതൽ ഗുരുതരമായി. പൾസ് റേറ്റ് കുറയുകയും ശ്വാസകോശത്തിൽ രക്തം കെട്ടുകയുമെല്ലാമായി. ഈ സമയത്തും സഞ്ചാരത്തിന്റെ പതിവ് എപ്പിസോഡ് മുടങ്ങുമോ എന്നായിരുന്നു സന്തോഷിന്റെ ആശങ്ക. ലാപ്‌ടോപ്പും ഹാർഡ് ഡിസ്‌ക്കും ആശുപത്രിയിലെത്തിച്ച് ഐസിയു-വിൽ കിടന്ന് അദ്ദേഹം പുതിയ എപ്പിസോ‍ഡ് എഡിറ്റിങ് അടക്കമുള്ള എല്ലാ ജോലികളും ചെയ്തുതീർത്തു. എന്നാൽ ദീർഘനേരം പ്രവർത്തിച്ചത് സന്തോഷിന്റെ ആരോ​ഗ്യത്തെ വീണ്ടും മോശമായി ബാധിച്ചു. വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ​

താൻ കാണാതെ കടന്നുപോയ ദിവസം , ശ്വാസം ലഭിക്കാതെ വെപ്രാളപ്പെട്ട നിമിഷം... പോളണ്ടിലെ കോൺസൺട്രേഷൻ ക്യാംപിലെ ഗ്യാസ് ചേമ്പറിൽ വിഷവാതകം ശ്വസിച്ച്, മരണത്തെ കാത്തിരിക്കുന്നതായുള്ള തോന്നലുകളാണ് ഈ സമയം സന്തോഷിന് ഉണ്ടായിരുന്നത്. യാത്രകളെ അത്രമാത്രം പ്രണയിച്ചിരുന്ന അയാളുടെ ചിന്ത അങ്ങനെ സഞ്ചരിച്ചതിൽ അത്ഭുതപ്പെടാനില്ല. 

ഒരു വലിയ യുദ്ധം ജയിച്ച് ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് സന്തോഷ്. ശരീരഭാരം പത്ത് കിലോയോളം കുറഞ്ഞു എന്നതൊഴിച്ചാൽ തനിക്കൊരു മാറ്റവുമില്ലെന്നാണ് അയാളുടെ വാക്കുകൾ. ഫിസിയോതെറാപ്പിയൊക്കെ തുടരുന്നുണ്ടെങ്കിലും ലോക്ക്ഡൗണോടെ നിന്നുപോയ യാത്രകൾ പുനരാരംഭിക്കണം എന്നുതന്നെയാണ് സന്തോഷിന്റെ ആ​ഗ്രഹം. വാക്‌സിൻ എടുത്ത ശേഷം വലിയ നിയന്ത്രണങ്ങളില്ലാത്ത രാജ്യം നോക്കി പോകാൻ ഉറപ്പിച്ചുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com