വൈകി വന്ന വിവേകമെന്ന് ചെന്നിത്തല ; സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്ന് ലീഗ് ; ശബരിമല, പൗരത്വ കേസുകള്‍ ഒരുപോലെയല്ലെന്ന് ബിജെപി

ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുന്നതില്‍ ഉപാധികള്‍ വെക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു
ശബരിമല പ്രക്ഷോഭം / ഫയല്‍ ചിത്രം
ശബരിമല പ്രക്ഷോഭം / ഫയല്‍ ചിത്രം

കൊല്ലം : ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം പറയുന്നത് സര്‍ക്കാര്‍ ചെയ്യുന്നു എന്ന് ചെന്നിത്തല പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു.

ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുന്നതില്‍ ഉപാധികള്‍ വെക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉപാധികള്‍ ഇല്ലാതെ കേസുകള്‍ പിന്‍വലിക്കണം. ശബരിമല പ്രക്ഷോഭത്തില്‍ ക്രിമിനല്‍ കേസില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല കേസും, പൗരത്വ പ്രക്ഷോഭ കേസും ഒരേപോലെ കാണരുതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല. സമാധാനപരമായിട്ടാണ് നാമജപഘോഷയാത്രകള്‍ നടത്തിയത്. അതേസമയം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കലാപത്തിനുള്ള ആഹ്വാനമാണെന്ന് എം ടി രമേശ് പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എന്‍എസ്എസും സ്വാഗതം ചെയ്തു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആത്മാര്‍ത്ഥമായ തീരുമാനം സര്‍ക്കാര്‍ ഇപ്പോഴും എടുത്തിട്ടില്ല. ഇതുകൊണ്ട് വിശ്വാസപ്രമാണങ്ങള്‍ സംരക്ഷിക്കപ്പെട്ടു എന്ന് അഭിപ്രായമില്ല.

നാമജപഘോഷയാത്രകളില്‍ പങ്കെടുത്ത നിരപരാധികളായ ആളുകള്‍ക്കെതിരെ വരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുകള്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com