ആഴക്കടല്‍ മല്‍സ്യബന്ധനം : ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ഫിഷറീസ് മന്ത്രി ; മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ചെന്നിത്തല

കള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളതെന്ന് ചെന്നിത്തല
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം

കൊല്ലം : ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. അമേരിക്കന്‍ കമ്പനിക്ക് മല്‍സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ ഗൂഢാലോചന നടന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആഴക്കടല്‍ മല്‍സ്യ ബന്ധനം സര്‍ക്കാര്‍ നയത്തിന് എതിരാണെന്ന് മന്ത്രി പറയുന്നു. ഇത് അറിയാവുന്ന മന്ത്രി എന്തിന് കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും, സംഘത്തിനെയും കൊണ്ട് മുഖ്യമന്ത്രിയെ കണ്ടതെന്നും വ്യക്തമാക്കണം. ഫിഷറീസ് മന്ത്രി കള്ളം പറയുകയാണ്. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പദ്ധതി നയത്തിന് വിരുദ്ധമെങ്കില്‍ പള്ളിപ്പുറത്ത് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്തിന് ?.  നയത്തിന് വിരുദ്ധമെങ്കില്‍ ധാരണാപത്രം ഒപ്പിട്ടതെന്തിനെന്നും ചെന്നിത്തല ചോദിച്ചു. അമേരിക്കന്‍ കമ്പനിക്ക് വിശ്വാസ്യത ഇല്ലെന്നും, ന്യൂയോര്‍ക്കില്‍ ഓഫീസ് പോലുമില്ലെന്നും വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇഎംസിസി പ്രതിനിധികള്‍ വി മുരളീധരനെയും കണ്ടിരുന്നു. ഇത് ഗൗരവമേറിയതാണെന്ന് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെ ഇഎംസിസി കമ്പനിയെ സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ കെ ആര്‍ ജ്യോതിലാല്‍ കേന്ദ്ര വിദേശകാര്യകാര്യ വകുപ്പിന് കത്തയക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം ഇക്കാര്യം പുറത്തു വിട്ടില്ലായിരുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് ആഴക്കടല്‍ മല്‍സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചേനെ. കള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.

മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പങ്കുള്ള ഈ വിഷയം അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ട് ആര് വിശ്വസിക്കാനാണ്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഇക്കാര്യം ഉന്നയിച്ച് നാളെ പൂന്തുറയില്‍ സത്യാഗ്രഹം അനുഷ്ഠിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.

27 ന് മല്‍സ്യ തൊഴിലാളികളും ബോട്ടുടമകളും നടത്തുന്ന തീരദേശ ഹര്‍ത്താലിന് യുഡിഎഫ് എല്ലാ പിന്തുണയും നല്‍കും. ഈ വിഷയത്തില്‍ യുഡിഎഫ് രണ്ടു ജാഥകള്‍ സംസ്ഥാനത്ത് നടത്തും. ഒന്ന് ഷിബുബേബിജോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നും, ടി എന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ കാസര്‍കോടു നിന്നും നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു. രണ്ടു ജാഥകളും അഞ്ചാം തീയതി വൈപ്പിനില്‍ സമാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com