എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട; ഉത്തരവുമായി ഹൈക്കോടതി

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിന്റെ ഉപവകുപ്പ് ഹൈക്കോടതി റദ്ദാക്കി.
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിന്റെ ഉപവകുപ്പ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണെന്നു കാണിച്ചാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിെന്റ ഉത്തരവ്. അതേസമയം, ഉത്തരവിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച ബുധനാഴ്ച മുതല്‍ മാത്രമാണ് ഇത് ബാധകമാവുകയെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഇതു പ്രകാരം തിരുകൊച്ചി നിയമസഭ പാസാക്കിയ 1951 ലെ ലെജിസ്ലേറ്റീവ് അസംബ്ലി ആക്ട് പ്രകാരമുള്ള പരിരക്ഷ ഡിവിഷന്‍ ബഞ്ച് എടുത്തു കളയുകയായിരുന്നു. വകുപ്പ് രണ്ട് (നാല്) പ്രകാരമായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. പത്തുവര്‍ഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസിലാണു വിധി.

ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ സാധിക്കാതെ വരും. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഉത്തരവ് ബാധകമാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com