പള്ളിവികാരിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമം, പള്ളി കമ്മിറ്റി അംഗത്തിന് തടവ് ശിക്ഷ

രണ്ടു വർഷവും ഒരുമാസവും തടവാണ് ശിക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ പള്ളി കമ്മിറ്റി അംഗത്തിന് തടവുശിക്ഷ. മാവേലിക്കര കുറത്തികാട് ജറുശലേം മാർത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സോണിവില്ലയിൽ തോമസിനെ (മോഹനൻ-59) ആണ് ശിക്ഷിച്ചത്. രണ്ടു വർഷവും ഒരുമാസവും തടവാണ് ശിക്ഷ. മാവേലിക്കര അസി. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 

2016 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് പളളി കമ്മിറ്റി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന തോമസ് തന്നെയാരും കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും അവ​ഗണിക്കുകയാണെന്നും പരാതി പറഞ്ഞു. ഇത്തരം വിഷയങ്ങൾ പള്ളികമ്മിറ്റിക്ക് ശേഷം സംസാരിക്കാമെന്നാണ് രാജി ഈപ്പൻ തോമസിനോട് പറഞ്ഞത്. ഇതു കേട്ടയുടൻ അയാൾ പെട്രോൾ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച് ശരീരമാകെ പെട്രോൾ ഒഴിച്ചു. കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ളോഹക്ക് തീപിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ വികാരി അവിടേനിന്ന് രക്ഷപെടുകയായിരുന്നു. 

കുറത്തികാട് പൊലീസാണ് കേസെടുത്തത്. ഒൻപത് സാക്ഷികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണ വേളയിൽ മരിച്ചു. മറ്റ് എട്ട് പേരെ വിസ്തരിച്ചപ്പോൾ രണ്ടു പേർ കൂറുമാറി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com